പാലക്കാട്ട് അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Tuesday 17 December 2024 10:07 AM IST

പാലക്കാട്: അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വല്ലപ്പുഴയിൽ ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചെറുകോട് ഇലപ്പുള്ളി മുഖില (62), മകൻ കൊച്ചു എന്ന് വിളിക്കുന്ന നിഷാന്ത് ( 39) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മുഖിലയുടെ മൃതദേഹം ഹാളിലും നിഷാന്തിന്റേത് കിടപ്പുമുറിയിലും ആയിരുന്നു. നിഷാന്ത് കഴിഞ്ഞ പത്ത് വർഷമായി പലതരം കച്ചവടങ്ങൾ നടത്തി വരികയായിരുന്നു. എന്നാൽ വിവിധ പ്രതിസന്ധികൾ മൂലം ആ ബിസിനസുകളൊന്നും വിജയിച്ചില്ല. എറണാംകുളത്ത് നടത്തിയിരുന്ന കൂൾബാർ പത്ത് ദിവസം മുമ്പാണ് അടച്ചുപൂട്ടിയത്. സാമ്പത്തിക പ്രതിസന്ധിയാകാം മരണകാരണം എന്നാണ് പട്ടാമ്പി പൊലീസിന്റെ നിഗമനം.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ട് നൽകും. നിഷാന്തിന്റെ മൂത്ത സഹോദരൻ ബിസിനസ് കേന്ദ്രീകരിച്ച് അഹമ്മദാബാദിൽ ആണ് താമസം.