'ജില്ലാ  പഞ്ചായത്ത്  യോഗങ്ങളിൽ  പങ്കെടുക്കാം, കണ്ണൂർ വിട്ടുപോകാൻ തടസമില്ല'; പിപി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്

Wednesday 18 December 2024 5:43 PM IST

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്. കണ്ണൂർ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാമെന്നും ഇളവുകളിൽ പറയുന്നു. തലശ്ശേരി സെഷൻസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

തിങ്കളാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥക്കും ഇളവ് നൽകിയിട്ടുണ്ട്. ആവശ്യപ്പെടുമ്പോൾ മാത്രം ഹാജരായാൽ മതി. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട ദിവ്യയ്ക്ക് പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. നവീൻ ബാബുവിനെ ഒക്ടോബർ 15നാണ് ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

യാത്രയയപ്പ് ചടങ്ങിൽ പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ചതിന് തൊട്ടടുത്ത ദിവസമാണ് നവീൻ ബാബുവിനെ ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇതിന് പിന്നാലെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി ദിവ്യക്കെതിരെ കേസ് എടുത്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ കീഴടങ്ങിയ ദിവ്യ റിമാൻഡിൽ ജയിലിൽ കഴിയുകയും പിന്നീട് ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തിരുന്നു. നവീൻ ബാബുവിന്റേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കേസ് സിബിഐ അന്വേഷിക്കണമെന്നും നവീന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.