പ്രിന്റഡ് ബുക്ക് പോസ്റ്റ് നിറുത്തി തപാൽ വകുപ്പ്
കൊച്ചി: അച്ചടിച്ച പുസ്‌തകങ്ങൾ അയയ്‌ക്കൽ ഉൾപ്പെടെയുള്ള സേവനങ്ങളിൽ തപാൽ വകുപ്പ് മാറ്റം വരുത്തി. പേരുമാറ്റം വരുത്തിയ സേവനങ്ങളിൽ പലതിനും നിരക്ക് വർദ്ധിപ്പിച്ചു. അച്ചടിച്ച പുസ്തകങ്ങളും മാസികകളും അയയ്‌ക്കുന്ന 'പ്രിന്റഡ് ബുക്ക് പോസ്റ്റ്' അവസാനിപ്പിച്ച് രജിസ്റ്റേർഡ് പോസ്റ്റ് മാത്രമാക്കി. ഇതുമൂലം തപാൽനിരക്ക് ഇരട്ടിയിലധികമാകും. രജിസ്റ്റേർഡ് പ്രിന്റഡ് ബുക്ക്, രജിസ്റ്റേർഡ് പാറ്റേൺ ആന്റ് സാമ്പിൾ പായ്‌ക്കറ്റ് സേവനങ്ങളും അവസാനിപ്പിച്ചു.
പോസ്റ്റ് കാർഡുകളും രജിസ്റ്റേർഡ് പോസ്റ്റായേ അയയ്‌ക്കാനാകൂ. രജിസ്റ്റേർഡ് കത്തുകളുടെ പരമാവധിഭാരം രണ്ടുകിലോയിൽ നിന്ന് 500 ഗ്രാമാക്കി. കൂടുതലായാൽ പാഴ്സലായി അയയ്ക്കണം. ഇലക്ട്രോണിക് മണിയോർഡർ വഴി 5,000 രൂപവരെ അയയ്‌ക്കാമായിരുന്നത് 10,000മാക്കി. 10, 20, 50, 100 രൂപ വീതമുള്ള പോസ്റ്റൽ ഓർഡറുകൾ മാത്രമേ ഇനിയുണ്ടാകൂ.
പ്രിന്റഡ് ബുക്ക് പോസ്റ്റ് സേവനം നിറുത്തിയതോടെ ലൈബ്രറികൾ, പ്രസിദ്ധീകരണ സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്ക് ലഭിച്ചിരുന്ന കുറഞ്ഞ നിരക്കിലുള്ള സേവനങ്ങൾ ഇല്ലാതാകും. 600 ഗ്രാം അയയ്ക്കാൻ 21 രൂപ എന്നത് 61രൂപയാകും.
പേരുമാറ്റം വരുത്തിയവ
(പുതിയ പേര് ബ്രാക്കറ്റിൽ)
രജിസ്റ്റേർഡ് പീരിയോഡിക്കൽ (പീരിയോഡിക്കൽ പോസ്റ്റ്)
രജിസ്റ്റേർഡ് പാഴ്‌സൽ (ഇന്ത്യ പോസ്റ്റ് പാഴ്‌സൽ റീട്ടെയിൽ)
ബിസിനസ് പാഴ്‌സൽ (ഇന്ത്യ പോസ്റ്റ് പാഴ്‌സൽ കോൺട്രാക്ച്വൽ)
വി.പി.പി (സി.ഒ.ഡി റീട്ടെയിൽ)