ഇടുക്കിയിലെ വ്യാപാരശാലയിൽ തീപിടിത്തം; കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ്  സിലിണ്ടറുകൾ  പൊട്ടിത്തെറിച്ചു

Thursday 19 December 2024 7:53 AM IST

ഇടുക്കി: ഇടുക്കി തങ്കമണിയിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ഇന്ന് രാവിലെ 5.30 നാണ് സംഭവം നടന്നത്. തങ്കമണി ടൗണിലെ പലചരക്ക് കടയിലാണ് തീപിടിച്ചത്. കട പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ട്. ഫയർഫോഴ്സ് എത്തി തീ അണച്ചു.

കല്ലുവിള പുത്തൻ വീട്ടിൽ ജോയിയുടെ കല്ലുവിള സ്റ്റോഴ്സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സമീപത്തെ കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ 10 ഓളം ഗ്യാസ് സിലിണ്ടർ സൂക്ഷിച്ചിരുന്നതായി ഫയർഫോഴ്സ് പറയുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.