ഒറ്റയ്ക്കിരുന്ന് വിഷമിക്കേണ്ട; വീട്ടുമുറ്റത്ത് ഒത്തുകൂടാം

Friday 20 December 2024 4:11 AM IST

ആലപ്പുഴ പഴവീട്ടിലെ ടോക്കിംഗ് പാർലറിൽ ഡോ. പദ്മകുമാറും ചന്ദ്രദാസ് കേശവപിള്ളയും കൂട്ടായ്മയ്ക്കെത്തിയവരുമായി സംവാദത്തിൽ

ആലപ്പുഴ: മിണ്ടാനും പറയാനും ആരുമില്ലെന്ന വിഷമം വേണ്ട. ഫോണിൽ ഒന്നു വിളിച്ചാൽ മതി. അയൽപക്കക്കാരെ കൂട്ടി സൊറ പറഞ്ഞിരിക്കാനൊരു സദസ് വീട്ടുമുറ്റത്ത് ഒരുക്കാൻ ആളുണ്ട്. ഏതു വിഷയത്തിലും സംസാരമാവാം. പാട്ടാവാം. കഥപറച്ചിലാവാം...

ആലപ്പുഴയിൽ വിശ്രമജീവിതം നയിക്കുന്നവർക്ക് ആശ്വാസമാവുകയാണ് ഹെൽത്തി ഏജിംഗ് മൂവ്മെന്റ്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പ്രിൻസിപ്പലായ ഡോ.ബി.പദ്മകുമാറിന്റേതാണ് ആശയം. കൊവിഡ് കാലത്ത് ആരംഭിച്ചതാണ്. ഇതിനകം ഒട്ടേറെ സദസ് നടത്തിക്കഴിഞ്ഞു. ടോക്കിംഗ് പാർലറെന്നാണ് പേരിട്ടിരിക്കുന്നത്.

നാട്ടിൻപുറങ്ങളിലെ കളിത്തട്ടിലും ആലിൻ ചുവട്ടിലും മറ്റും സമപ്രായക്കാർ വട്ടമിട്ടിരുന്ന് കളിചിരി പങ്കുവച്ചൊരു കാലമുണ്ട്. ഇത്തരത്തിലൊരു കൂട്ടായ്മ വീടുകളിൽ ഒരുക്കുന്നെന്നു മാത്രം. ഹെൽത്തി ഏജിംഗ് മൂവ്മെന്റിനെ ബന്ധപ്പെട്ടാൽ അവരെത്തി ചുറ്റുവട്ടത്തുള്ള സമപ്രായക്കാരെക്കണ്ട് കാര്യം പറയും. താത്പര്യമുള്ളവരെ ചേർത്ത് തൊട്ടടുത്ത ദിവസം സദസൊരുക്കും. അയൽപക്കങ്ങളിലെ കസേരകൾ സൗകര്യമുള്ളൊരു വീടിന്റെ മുറ്റത്തിടും. കുറഞ്ഞത് രണ്ടു മണിക്കൂറാണ് സദസിന്റെ ദൈർഘ്യം. ചെറുകടിയും ചായയും ആർക്കും സ്പോൺസർ ചെയ്യാം. അടുത്ത സദസിന്റെ സ്ഥലവും സമയവും നിശ്ചയിച്ചാവും പിരിയുക.

വിരമിച്ച അദ്ധ്യാപകർ, സൈനികർ, ഡോക്ടർമാർ, പൊലീസുകാർ, കർഷകർ തുടങ്ങി നാനാതുറകളിൽ നിന്നുള്ളവർ ഒത്തുചേരൽ ആസ്വദിക്കുകയാണ്. ഇവിടെ വലിപ്പച്ചെറുപ്പമില്ല.

ആഴ്ചയിലൊരു ദിവസം ഒത്തുകൂടലായിരുന്നു ഉദ്ദേശ്യമെങ്കിലും ഇപ്പോൾ മാസത്തിൽ 25 ദിവസം വരെയായി. ഒരു ദിവസം അവസാനം സംസാരിച്ച വിഷയത്തിന്റെ തുടർച്ചയായിട്ടാവും അടുത്ത സദസിന്റെ തുടക്കം. ശാരീരികക്ഷമതയ്ക്ക് വ്യായാമെന്നപോലെ ഓർമ്മ കൂട്ടാൻ സംസാരത്തിലൂടെയും ചിരിയിലൂടെയും കഴിയുമെന്ന് ഡോ. പദ്മകുമാർ പറയുന്നു.

അടുത്ത ഘട്ടമായി പൊതു ഇടങ്ങളിൽ ടോക്കിംഗ് പാർലറുകൾ സ്ഥാപിക്കും. ക്ലബ്ബുകളുമായി സഹകരിച്ചും തുടങ്ങും. മറ്റിടങ്ങളിൽ നടത്താൻ താത്പര്യമുള്ളവർക്ക് മാർഗ്ഗ നിർദ്ദേശം നൽകാനും തയ്യാർ.

 ബന്ധപ്പെടാൻ

ചന്ദ്രദാസ് കേശവപിള്ള, കോ-ഓർഡിനേറ്റർ. ഫോൺ: 9447263059

മക്കൾ വിദേശത്തോ മറ്റോ ഉള്ള മാതാപിതാക്കളെ വീട്ടിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ ടോക്കിംഗ് പാർലറിലൂടെ കഴിയുന്നു. വിഷാദരോഗങ്ങൾക്ക് ബൈ പറഞ്ഞവരുണ്ട് ഡോ. ബി.പദ്മകുമാർ