32 വർഷം; റബർ ബാൻഡ് പന്ത് വളർന്ന് 160 കിലോ!

Sunday 22 December 2024 4:04 AM IST

പി. കൃഷ്ണൻ താൻ 32വർഷം കൊണ്ട് നിർമ്മിച്ച റബ്ബർ ബാൻഡ് പന്തുമായി

കൊച്ചി: എവിടെയെങ്കിലും ഒരു റബർ ബാൻഡ് കണ്ടാൽ ആലുവ മുപ്പത്തടം സ്വദേശി പി. കൃഷ്ണന്റെ മുഖം തിളങ്ങും. അത് പോക്കറ്റിലിട്ടാൽ ഈ 66കാരന് സന്തോഷം. കൗതുകത്തിന് ശേഖരിച്ച ഈ റബർ ബാൻഡുകൾ കോർത്തുകെട്ടി മുൻ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ജീവനക്കാരൻ നിർമ്മിച്ച പന്തിന് ഭാരം 160 കിലോ! 32 വർഷത്തെ പരിശ്രമം.

1992ൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ ജോലി ലഭിച്ച് തിരുവനന്തപുരത്ത് എത്തിയതു മുതലാണ് കൃഷ്ണൻ റബർ ബാൻഡ് ശേഖരണവും പന്തുണ്ടാക്കലും തുടങ്ങിയത്.

15കിലോയെത്തിയപ്പോൾ പന്ത് ഓഫീസിൽനിന്ന് വീട്ടിലേക്കു മാറ്റി. ശേഖരിക്കുന്ന റബർ ബാൻഡുകൾ വീട്ടിലേക്കു കൊണ്ടുവരും. 2018ൽ വിരമിക്കുംവരെ ഇത് തുടർന്നു.

ഭാര്യ ഇന്ദുലേഖ, മക്കളായ യദുകൃഷ്ണൻ, കൃഷ്‌ണേന്ദു, മരുമകൻ വിഷ്ണു എന്നിവരുടെ പൂർണ പിന്തുണയുമുണ്ട്. 90 കിലോ ഭാരമുള്ളപ്പോൾ കൃഷ്ണൻ പന്ത് ഒരു എക്‌സിബിഷനിൽ വച്ചിരുന്നു.

പന്തുപണി ഇങ്ങനെ റബർ ബാൻഡുകൾ ആദ്യം കഴുകി അണുവിമുക്തമാക്കും. വെയിലത്തുവച്ച് ഉണക്കി ചങ്ങലപോലെ കൂട്ടിക്കെട്ടും. ഇത് പിന്നീട് പന്തിലുള്ള റബർ ബാൻഡുമായി ചേർത്ത് ചുറ്റിക്കെട്ടും.