പൊലീസിനെ കുടുക്കിയ യുവാവിനെ കുടുക്കാൻ പൊലീസ് കളിതുടങ്ങി
ആലപ്പുഴ: സീറ്റ് ബെൽറ്റിടാതെ പൊലീസ് ജീപ്പ് ഓടിച്ച അസി.എസ്.ഐയെയും ഒപ്പമുണ്ടായിരുന്ന അഡിഷണൽ എസ്.ഐയെയും കാമറയിൽ കുടുക്കിയ ബൈക്ക് യാത്രക്കാരനായ ജിതിൻനായരെ കുടുക്കാൻ പൊലീസ് കളി തുടങ്ങി. കൊല്ലം സ്വദേശിയായ അനീഷ് എന്നയാളാണ് ആലപ്പുഴ സൗത്ത് പൊലീസിൽ ജിതിനെതിരെ പരാതി നൽകിയിരിക്കുന്നത്. ജീപ്പ് തടഞ്ഞു നിറുത്തിയതിലൂടെ പൊലീസിന്റെ ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും ഗതാഗത തടസമുണ്ടാക്കിയെന്നും കാട്ടിയാണ് പരാതി. സംഭവം കാമറയിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിലൂടെ പൊലീസ് സേനയെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ജിതിന്റെ ബൈക്കിനെ സംബന്ധിച്ച വിവരങ്ങളും പരാതിയിലുണ്ട്. പരാതി അന്വേഷിക്കുമെന്ന് സൗത്ത് സി.ഐ പറഞ്ഞു.
അരൂർ സ്റ്റേഷനിലെ അഡിഷണൽ എസ്.ഐ വീരേന്ദ്രകുമാറും അസിസ്റ്റന്റ് എസ്.ഐ സിദ്ധാർത്ഥുമാണ് സീറ്റ് ബെൽറ്റിടാതെ പൊലീസ് ജീപ്പ് ഓടിച്ച് നിയമം ലംഘിച്ചത്. ഇതുകണ്ടുകൊണ്ട് ജീപ്പിനു പിന്നാലെ വന്ന ജിതിൻ 'സാറേ സീറ്റ് ബെൽറ്റോക്കെ ഇടാം' എന്ന് പറഞ്ഞപ്പോൾ 'തനിക്കെന്ത് വേണമെന്നായി' പൊലീസ്. ജിതിന്റെ ഹെൽമെറ്റിലെ ഗോപ്രോ ആക്ഷൻ കാമറ ഇതെല്ലാം പകർത്തിക്കൊണ്ടിരുന്നു. ഒടുവിൽ പന്തികേട് തോന്നിയ ഉദ്യോഗസ്ഥർ സീറ്റ് ബെൽറ്റിട്ട് യാത്ര തുടരുകയായിരുന്നു.
ആലപ്പുഴ കളക്ടറേറ്റിനുമുന്നിൽ നടന്ന ഈ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ പൊലീസിന് നാണക്കേടായി. അത് മറയ്ക്കാനും മായ്ക്കാനുമാണ് അനീഷ് എന്നയാളെക്കൊണ്ട് പരാതി നൽകിയതെന്ന് ആക്ഷേപമുണ്ട്. സംഭവസമയത്ത് കളക്ടറേറ്റിനുമുന്നിൽ ട്രാഫിക് തടസം ഉണ്ടായിരുന്നില്ല.