തോറ്റില്ല, ക്യാൻസറിനോടും ഈ ബാല്യകാല സഖിമാർ

Tuesday 24 December 2024 4:24 AM IST

ചങ്ങനാശേരി: ആദ്യം പകച്ചുപോയി. പിന്നെ, വേദനകൾ മറന്ന് ഒറ്റക്കെട്ടായിനിന്നു. ജീവിതം തിരിച്ചുപിടിക്കാൻ മൂവരും തോളോട് തോൾ ചേർന്നു. ബാല്യത്തിന്റെ ചുറുചുറുക്കോടെ...

സോണിയ ബെന്നി, മിനി ജിജോ, രാധിക റെജി. ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശികളാണ് മൂവരും. നാലരപ്പതിറ്റാണ്ടിന്റെ സൗഹൃദയാത്രയ്ക്കിടെ അപ്രതീക്ഷിതമായി വിധി അവരോട് ക്രൂരത കാട്ടി. മൂവർക്കും ബ്രസ്റ്റ് ക്യാൻസർ. പക്ഷേ,​ തളർന്നില്ല. പരസ്പരം കൂട്ടായി നിന്ന് പോരാടി. സൗഹൃദക്കരുത്തിന് മുന്നിൽ ക്യാൻസർ തോറ്റുനിന്നു.

2022ൽ സോണിയയ്ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. കൂട്ടുകാരിക്ക് സാന്ത്വനമേകി ആശുപത്രിയിലടക്കം മറ്റു രണ്ടുപേരും ഒപ്പമുണ്ടായി. പിന്നാലെ രാധികയ്ക്കും തുടർന്ന് മിനിക്കും അസ്വസ്ഥതകൾ തുടങ്ങി. പരിശോധനയിൽ ക്യാൻസറെന്ന് സ്ഥിരീകരണം. കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം മൂവരും പരസ്പരം താങ്ങായും കരുതലായും ശുശ്രൂഷകരായും ഒപ്പം നിന്നു. ഒറ്റക്കെട്ടായി രോഗത്തിനെതിരെ പൊരുതി.

കുരിശുംമൂട് കേന്ദ്രീകരിച്ച് ക്യാൻസർ രോഗബാധിതർക്കും രോഗമുക്തരായവർക്കുമായി പ്രവർത്തിക്കുന്ന തണൽ എന്ന സംഘടനയും എഴുത്തുകാരി അഡ്വ. ലിജി മാത്യുവും പിന്തുണച്ചു. തുന്നൽ അറിയാവുന്ന മൂവരും ഇതുമായി ബന്ധപ്പെട്ട ചെറുസംരംഭം തുടങ്ങാനുള്ള ഒരുക്കത്തിലാണ്.

വേദനയിൽ നിന്ന് കരുത്ത് കീമോയ്ക്കും റേഡിയേഷനുമൊടുവിൽ മുടി പൊഴിഞ്ഞു. മിനിക്കും സോണിയയ്ക്കും ശസ്ത്രക്രിയ വേണ്ടി വന്നു. രോഗത്തിൽ നിന്ന് മുക്തമായെങ്കിലും മൂന്ന് മാസംകൂടുമ്പോഴുള്ള പരിശോധനകളും ചികിത്സയും തുടരുന്നു. സോണിയ ചങ്ങനാശേരി വട്ടപ്പള്ളിയിലാണ് താമസം. ഭർത്താവ് പാര്യാപ്പിള്ളയിൽ ബെന്നി ഓട്ടോഡ്രൈവറാണ്. ചെൽസി, സാനിയ, മുത്ത് എന്നിവരാണ് മക്കൾ. മിനി പായിപ്പാട് കൊച്ചുപള്ളിയിൽ താമസം. ഭർത്താവ് കുളങ്ങര ജിജോ ചങ്ങനാശേരിയിൽ കട നടത്തുകയാണ്. ആൽബിൻ ജോസഫ് ഏക മകൻ. രാധിക ഇപ്പോൾ ആലപ്പുഴ മുട്ടാറിലാണ് താമസം. ഭർത്താവ് ചിറയിൽ റെജി കൂലിപ്പണിക്കാരനാണ്. രേവതി, രാഹുൽ എന്നിവരാണ് മക്കൾ.