വടകരയിൽ നിറുത്തിയിട്ടിരുന്ന കാരവനിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തി
Monday 23 December 2024 10:42 PM IST
കോഴിക്കോട് : വടകര കരിമ്പനപാലത്ത് റോഡരികിൽ നിറുത്തിയിട്ട കാരവനിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ മുന്നിൽ സ്റ്റേപ്പിലും പിൻഭാഗത്തുമായാണ് മൃതദേഹങ്ങൾ. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശി മനോജ്, കണ്ണൂർ പറശേരി സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്.
രാവിലെ മുതൽ റോഡരികിൽ നിറുത്തിയിട്ട നിലയിലായിരുന്നു വാഹനം. നാട്ടുകാർക്ക് സംശയം തോന്നി നോക്കിയപ്പോഴാണ് വാഹനത്തിനുള്ളിൽ രണ്ടുപേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കണ്ണൂരിൽ വിവാഹത്തിന് ആളെ എത്തിച്ച് മടങ്ങിയവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വാഹനം നിറുത്തിയിട്ടതിന് ശേഷമാണ് മരണമെന്നാണ് നിഗമനം. എ,സി ഗ്യാസ് ലീക്കായതാകാം മരണകാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മരിച്ച മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. പൊലീസ് സ്ഥലത്തെത്തി കൂടുതൽ പരിശോധനകൾ നടത്തുകയാണ്.