സതീശനെതിരെ വിമർശനം ആവർത്തിച്ച് വെള്ളാപ്പള്ളി

Tuesday 24 December 2024 12:30 AM IST

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനം ആവർത്തിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ അഹങ്കാരത്തിന്റെ ആൾരൂപമാണ്; രാജാവിന്റെ ഭാവമാണ്. സതീശനെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും അദ്ദേഹം കൊച്ചി​യി​ൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്റിനെ മൂലയിലിരുത്തി ഒതുക്കിയാണ് പ്രവർത്തനം. കോൺഗ്രസിലുള്ള എല്ലാവരും സതീശനെ സഹിക്കുകയാണ്. പ്രായംകൊണ്ടും പക്വതകൊണ്ടും കെ.പി.സി.സി പ്രസിഡന്റ് എല്ലാം ക്ഷമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താൻ സത്യം പറഞ്ഞപ്പോൾ നിരവധി കോൺഗ്രസ് നേതാക്കൾ വിളിച്ച് അഭിനന്ദിച്ചു. താനാണ് രാജാവും രാജ്യവും എന്ന ഭാവത്തിലാണ് പ്രതിപക്ഷനേതാവ് സംസാരിക്കുന്നത്. വിമർശനങ്ങൾ നല്ല മനസോടെ സ്വീകരിക്കുന്നുവെന്ന സതീശന്റെ വാക്കുകൾ നന്നാകാനുള്ള സാദ്ധ്യതകളാണ് കാണിക്കുന്നത്. സതീശനെ തോല്പിക്കണമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്നവരുടെ ഉദ്ദേശ്യം സമുദായത്തെയും തന്നെയും നശിപ്പിക്കുക എന്നത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാകാൻ അഞ്ച് പേർ ഒരുപോലെ മത്സരിച്ച് നിൽക്കുമ്പോൾ കോൺഗ്രസ് എങ്ങനെ അധികാരത്തിലെത്തും? അതിന് സാദ്ധ്യതയില്ല. കോൺഗ്രസ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് താൻ പറഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തന്നെ അധികാരത്തിൽ വരാനാണ് സാദ്ധ്യത. എൽ.ഡി.എഫിന്റെ ആ ഐശ്വര്യത്തിന് കാരണം യു.ഡി.എഫിലെയും കോൺഗ്രസിലെയും തമ്മിലടി ആയിരിക്കും. ബി.ഡി.ജെ.എസിന് എൻ.ഡി.എയിൽ അർഹിക്കുന്ന പ്രാതിനിധ്യം ലഭി​ച്ചി​ട്ടി​ല്ല. രണ്ടാം പിണറായി സർക്കാർ ഒന്നാം സർക്കാരോളം മെച്ചമല്ലെന്നും മന്ത്രിമാരുടെ പ്രവർത്തനം മോശമായതാണ് അതിന് കാരണമെന്നും വെള്ളാപ്പള്ളി​ പറഞ്ഞു.