യൂണിവേഴ്സിറ്റി കോളേജിൽ പെൺകുട്ടിയെ തടഞ്ഞു നിർത്തി  രാഖി പൊട്ടിക്കാൻ ശ്രമിച്ച എസ്.എഫ്.ഐ. പ്രവർത്തകനെ സസ്‌പെൻഡ് ചെയ്തു

Wednesday 21 August 2019 11:18 AM IST

തിരുവനന്തപുരം : കാമ്പസ് അക്രമത്തിൽ വീണ്ടും യൂണിവേഴ്സിറ്റി കോളേജ് വാർത്തകളിൽ നിറയുന്നു. കൈയ്യിൽ രാഖികെട്ടിയതിന് വിദ്യാർത്ഥിനിയെ തടഞ്ഞുനിർത്തി രാഖിപൊട്ടിക്കുവാൻ എസ്.എഫ്.ഐ പ്രവർത്തകർ ശ്രമിച്ചതാണ് പുതിയ സംഭവം. ഇതേ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകനായ ഒരു വിദ്യാർത്ഥിയെ കോളേജിൽ നിന്നും സസ്‌പെൻഡ് ചെയ്തതായും അറിയുന്നു. സസ്‌പെൻഡ് ചെയ്ത ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയെങ്കിലും സംഭവം കോളേജ് അധികൃതർ രഹസ്യമാക്കി വയ്ക്കുകയായിരുന്നു. ഹിസ്റ്ററി വിഭാഗത്തിലെ പി.ജി വിദ്യാർത്ഥിനിയോടാണ് എസ്.എഫ്.ഐ പ്രവർത്തകർ അപമര്യാദയായി പെരുമാറിയത്. കൈയ്യിൽ രാഖി ധരിച്ചതിനെ ചോദ്യം ചെയ്ത് എത്തിയ എസ്.എഫ്. ഐ പ്രവർത്തകർ വിദ്യാർത്ഥിനിയോട് രാഖി പൊട്ടിച്ചു കളയാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭീഷണിക്ക് ചെവികൊള്ളാതിരുന്ന വിദ്യാർത്ഥിനിയെ ഭയപ്പെടുത്താനായി ക്ലാസിലെ ജനൽചില്ല് എസ്.എഫ്.ഐ നേതാവ് അടിച്ചുപൊട്ടിച്ചു. തുടർന്ന് ഭയന്ന പെൺകുട്ടി രാഖി അഴിച്ചുമാറ്റുകയായിരുന്നു.

ബഹളം കേട്ട് അദ്ധ്യാപകർ എത്തിയതോടെ എസ്.എഫ്.ഐ പ്രവർത്തകർ പിൻമാറുകയായിരുന്നു. പ്രൻസിപ്പാളിന് വിദ്യാർത്ഥിനി പരാതി നൽകിയതോടെയാണ് നടപടിയെടുക്കാൻ പ്രിൻസിപ്പാൾ തീരുമാനിച്ചത്. സഹപാഠിയെ എസ്.എഫ്.ഐ പ്രവർത്തകർ കുത്തിയ സംഭവത്തോടെയാണ് കോളേജിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ചുള്ള ചർച്ച പുറംലോകത്തെത്തിയത്. എന്നാൽ ഇതിനു ശേഷവും കോളേജിൽ സമാധാന അന്തരീക്ഷമല്ല നിലനിൽക്കുന്നതെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.