ദുബായിൽ ജോലി ലഭിച്ച് മണിക്കൂറുകൾ മാത്രം; ദോഹയിൽ മലയാളി എഞ്ചിനീയർ മരിച്ച നിലയിൽ

Friday 27 December 2024 9:51 AM IST

ദോഹ: മലയാളിയായ യുവ എഞ്ചിനീയറെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശി റയീസ് നജീബ് (21) ആണ് ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചത്. ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റയീസ്.

യുകെയിൽ നിന്നും എഞ്ചിനീയറിംഗിൽ ബിരുദം നേടിയ ശേഷം ദോഹയിൽ തിരിച്ചെത്തിയ റയീസിന് ദുബായിലെ ഒരു കമ്പനിയിൽ നിന്നും ജോലിക്കായി ഓഫർ ലെറ്റർ ലഭിച്ചിരുന്നു. ഇത് ലഭിച്ച് മണിക്കൂറുകൾക്കുള്ളിലാണ് റയീസിന്റെ മരണം സംഭവിക്കുന്നത്. സഹോദരൻ - ഫായിസ് നജീബ്, സഹോദരി - റൗദാ നജീബ്. കുടുംബം ഖത്തറിലാണ് താമസം.

പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ് റയീസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ റിപ്രാടിയേഷൻ വിംഗ് അറിയിച്ചു. റയീസ് നജീബിന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ ഖത്തർ അനുശോചനം രേഖപ്പെടുത്തി.