'ലൈംഗികതയ്ക്കായി ട്രാൻസ്ജെൻഡറുകൾക്കിടയിലേക്ക് എന്തിനാണ് പോകുന്നത്? വിമർശിക്കുന്നത് യോഗ്യതയില്ലാത്തവർ'

Friday 27 December 2024 11:04 AM IST

ഒരുപാട് കഴിവുകളുളള ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റുകൾ ഇന്ന് വിവിധയിടങ്ങളിലായി പ്രവർത്തിക്കുന്നുണ്ടെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ. പൊതുകാര്യങ്ങളിൽ അഭിപ്രായങ്ങൾ തുറന്നുപറയുന്നത് ജോലിയെ നല്ല രീതിയിൽ ബാധിച്ചിരുന്നുവെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജു രഞ്ജിമാർ നേരിട്ടിരുന്ന അവഗണനകളെക്കുറിച്ച് വെളിപ്പെടുത്തിയത്.

'സോഷ്യൽമീഡിയയിൽ നല്ലതും മോശവും പറയുന്നവരുണ്ട്. ജനങ്ങളെ മാ​റ്റാൻ നമുക്ക് ഒരിക്കലും സാധിക്കില്ല. പൊതുകാര്യങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതിലൂടെ ഒരുപാട് വിമർശനങ്ങൾ ലഭിച്ചിട്ടുണ്ട്. ആ കാര്യങ്ങളെക്കുറിച്ച് നന്നായി പഠിച്ചതിനുശേഷമേ അഭിപ്രായങ്ങൾ പറയാൻ പോകുകയുളളൂ. അതുകൊണ്ട് എനിക്കെതിരെ വരുന്ന വിമർശനങ്ങൾ കാര്യമായി എടുക്കാറില്ല. പലകാര്യങ്ങൾ തുറന്നുപറഞ്ഞത് എന്റെ ജോലിയെ ബാധിച്ചിട്ടുണ്ട്.

ഈ ജോലി വളരെ സുരക്ഷിതത്വമുളളതാണ്. ആത്മാർത്ഥത, ക്രിയാത്മകത, സത്യസന്ധത തുടങ്ങിയവ കൊണ്ടുവരികയാണെങ്കിൽ ഈ ജോലിയിൽ വിജയിക്കാൻ സാധിക്കും. ട്രാൻസ് കമ്യൂണി​റ്റിയിൽ നിന്ന് ഒരുപാട് കഴിവുളള മേക്കപ്പ് ആർട്ടിസ്​റ്റുകൾ ഇന്ന് ജോലി ചെയ്യുന്നുണ്ട്. അതിൽ സന്തോഷവും അഭിമാനവും ഉണ്ട്. സ്വീകാര്യകതയ്ക്കുവേണ്ടി മാത്രമല്ല ഞങ്ങൾ ഈ തൊഴിൽ തിരഞ്ഞെടുത്തത്. ഞങ്ങളുടെ ഉപജീവനമാർഗം കൂടിയാണിത്.

ട്രാൻസ്‌ജെൻഡറുകൾ തെരുവുകളിൽ നിന്ന് പണം സമ്പാദിക്കുന്നുവെന്ന തെ​റ്റിദ്ധാരണ ഇന്നും നിലനിൽക്കുന്നുണ്ട്. അങ്ങനെയുളള കാര്യങ്ങളെ അതിജീവിച്ചാണ് പലരും ഈ മേഖലയിലേക്കെത്തിയത്. അടുത്തിടെയായി സൗത്ത് റെയിൽവേ സ്​റ്റേഷനിൽ ട്രാൻസ്‌ജെൻഡറുകൾ അധികമായി കാണുന്നതിനെക്കുറിച്ച് വിവിധ തരത്തിലുളള വിമർശനങ്ങൾ ഉണ്ടായി. ഇങ്ങനെ വിമർശിക്കുന്നവർ അവിടെ പോയതുകൊണ്ടാണല്ലോ ട്രാൻസ്‌ജെൻഡറുകളെ കാണാൻ സാധിച്ചത്. അവർക്ക് ഭാര്യമാരും കാമുകിമാരുമൊക്കെ കാണുമല്ലോ. അവർ എന്തിനാണ് ലൈംഗികതാൽപര്യങ്ങൾ നിറവേറ്റുന്നതിനായി ട്രാൻസ്‌ജെൻഡറുകൾക്കിടയിലേക്ക് പോകുന്നത്.

ഞങ്ങളുടെ കമ്യൂണി​റ്റിയുളളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ താൽപര്യമില്ലെന്ന് വിമർശിക്കുന്നവർ തീരുമാനിച്ചാൽ മതിയല്ലോ. ഇതിന് എത്ര പേർ തയ്യാറാണെന്ന് നോക്കിയാൽ മതി. നല്ല രീതിയിൽ കുടുംബം പുലർത്താൻ കഴിവുളളവരാണ് ഞങ്ങളിൽ ചിലരെ തിരക്കി പോകുന്നത്.യോഗ്യതയില്ലാത്തവരാണ് വിമർശിക്കുന്നത്.

നല്ല കഴിവുളളരാണ് ഞങ്ങളുടെ കമ്യൂണി​റ്റിയിലുളളത്. പാട്ടുപാടാനും നൃത്തം ചെയ്യാനും. ശോഭനയോടൊപ്പം മത്സരിച്ച് നൃത്തം ചെയ്യാൻ കഴിയുന്നവരും ഞങ്ങൾക്കിടയിലുണ്ട്. അവസരം തരട്ടെ. ഞങ്ങൾ അത് തെളിയിക്കാം.

അതിനുളള അവസരം ആരും തരുന്നില്ല. ട്രാൻസ്ജെൻഡറായ മക്കളുളള മാതാപിതാക്കൾ അവരെ മനസിലാക്കിയിരുന്നെങ്കിൽ ഒരാളും ലൈംഗികവൃത്തി തൊഴിലായി കൊണ്ടുനടക്കില്ലായിരുന്നു. ഒരു അവസരവും കിട്ടാതെ വരുമ്പോഴാണ് ഈ ജോലിയിലേക്ക് പലരും കടന്നുചെല്ലുന്നത്'- രഞ്ജു പറഞ്ഞു.