ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ അനക്കം; പുല്ലുകള്‍ക്കിടയില്‍ രണ്ട് മലമ്പാമ്പുകള്‍

Friday 27 December 2024 6:44 PM IST

കൊച്ചി: എറണാകുളത്ത് ക്ഷേത്ര പറമ്പ് വൃത്തിയാക്കുന്നതിനിടെ രണ്ട് മലമ്പാമ്പുകളെ പിടികൂടി. എറണാകുളം തിരുനെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിലാണ് സംഭവം. ഉത്സവത്തിന്റെ ഭാഗമായി പറമ്പ് വൃത്തിയാക്കുകയായിരുന്നു, ഇതിനിടെയാണ് പാമ്പുകളെ കണ്ടെത്തിയത്. മണ്ണുമാന്ത്രിയന്ത്രം ഉപയോഗിച്ച് കുളത്തിന് സമീപമുള്ള പുല്ല് നിറഞ്ഞ പറമ്പ് വൃത്തിയാക്കുന്നതിനിടെയാണ് യുവാക്കൾ ഇവയെ കണ്ടത്. ഒടുവില്‍ ഒരെണ്ണത്തിനെ ഇവിടെയുണ്ടായിരുന്ന യുവാക്കള്‍ തന്നെയാണ് ചാക്കിലാക്കിയത്.

രണ്ടാമത്തെ പാമ്പ് പുല്ലിനിടയിലേക്ക് മറഞ്ഞതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പാമ്പ് പിടുത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. പാമ്പ് പിടുത്തക്കാരെത്തിയതിന് ശേഷമാണ് വലയിലാക്കിയത്. പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. മലമ്പ്രദേശങ്ങളിലാണ് ഈ ഇനത്തിലുള്ള പാമ്പുകളെ സാധാരണയായി കാണാറുള്ളത്. വിഷമില്ലാത്തവയാണെങ്കിലും മനുഷ്യനെ ഉള്‍പ്പെടെ ആക്രമിക്കാന്‍ ശേഷിയുള്ളവയാണ് ഇവ.

ചെറിയ ജന്തുക്കളെയാണ് ഇവ സാധാരണയായി ഭക്ഷിക്കാറുള്ളത്. മാന്‍ കുഞ്ഞുങ്ങളെ വരെ വിഴുങ്ങാന്‍ ഇവയ്ക്ക് കഴിയും. ഏഷ്യയിലും, ഓസ്‌ട്രേലിയയിലും, ആഫ്രിക്കയിലുമാണ് സാധാരണയായി ഇവയെ കാണാറുള്ളത്. ഏഷ്യയിലും ആഫ്രിക്കയിലുമായി, പൈതണ്‍ ജനുസ്സില്‍പ്പെടുന്ന ഏഴ് സ്പീഷീസുകളെയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്.