മകരവിളക്ക് ഉത്സവത്തിന് ശബരിമലനട നാളെ തുറക്കും
ശബരിമല: മകരവിളക്ക് ഉത്സവത്തിന് ശബരിമലയിൽ ഒരുക്കങ്ങളായി. നാളെ നട തുറക്കും. പരാതിരഹിതമായി സമാപിച്ച മണ്ഡലകാല തീർത്ഥാടനം പോലെ മകരവിളക്ക് ഉത്സവകാലവും പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ദേവസ്വം, പൊലീസ്, ഫയർഫോഴ്‌സ്, റവന്യു ഉൾപ്പടെയുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാരും സന്നദ്ധ സംഘടനാ പ്രവർത്തകരും സന്നിധാനം മുതൽ നിലയ്ക്കൽ വരെയുള്ള ഭാഗങ്ങൾ ശുചീകരിച്ചു. ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ നേതൃത്വം നൽകി.
നാളെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും കണ്ഠര് ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാംപടിയിറങ്ങി താഴെ തിരുമുറ്റത്തെ ആഴിയിൽ അഗ്‌നി ജ്വലിപ്പിക്കും. ഇതിനുശേഷം തീർത്ഥാടകരെ പതിനെട്ടാം പടി കയറാൻ അനുവദിക്കും. 12ന് ഉച്ചയ്ക്ക് രാജപ്രതിനിധിയുടെ നേതൃത്വത്തിൽ ആചാരപരമായ ചടങ്ങുകൾക്ക് ശേഷം പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെടും.
14നാണ് മകരവിളക്ക്. അന്ന് വൈകിട്ട് 5നാണ് നടതുറക്കുന്നത്. തുടർന്ന് സംക്രമ സന്ധ്യയിൽ തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന, മകരവിളക്ക് ദർശനം എന്നിവ നടക്കും. 18വരെ നെയ്യഭിഷേകം നടത്താം. 19 വരെ തീർത്ഥാടകർക്ക് ദർശനം നടത്താം. 19ന് രാത്രി ഹരിവരാസനം പാടിയ ശേഷം മാളികപ്പുറത്ത് വലിയഗുരുതി നടക്കും. 20ന് രാവിലെ പന്തളം രാജപ്രതിനിധിയുടെ ദർശനത്തിനുശേഷം നട അടയ്ക്കും.