അംബേദ്കറെ അവഹേളിച്ചതിന്‌ പിന്നിൽ ചാതുർവർണ്യ ചിന്ത: മുഖ്യമന്ത്രി

Monday 30 December 2024 1:55 AM IST

കൊല്ലം: അംബേദ്കറെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷാ അവഹേളിക്കാൻ കാരണം ചാതുർവർണ്യ ചിന്തയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (ബി) തെക്കൻ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസ്ഥാനത്തിന്റെ ഉത്പന്നമാണ് നിരവധി മൂല്യങ്ങളുൾക്കൊള്ളുന്ന ഭരണഘടന. അംഗീകരിക്കപ്പെട്ട നാൾ മുതൽ ഇന്നുവരെ ഭരണഘടനാ വിരുദ്ധരാണ്‌ മനുസ്‌മൃതി അനുസരിക്കുന്ന സംഘപരിവാർ.

ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടാനാകില്ല. പരസ്പര പൂരകമായ ഓരോ വർഗീയതയെയും നേരിടേണ്ടത് മതനിരപേക്ഷത ഉപയോഗിച്ചാണ്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന് ഗവർണറുടെ പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടുണ്ടോയെന്ന കാര്യം സംശയമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അദ്ദേഹം രാജ്ഭവനെ ബി.ജെ.പിയുടെ ക്യാമ്പ് ഓഫീസാക്കി മാറ്റി. ഇനിയെങ്കിലും ആ സ്ഥിതി മാറണം. മന്ത്രിയും കേരള കോൺഗ്രസ് (ബി) ചെയർമാനുമായ കെ.ബി.ഗണേശ് കുമാർ അദ്ധ്യക്ഷത വഹിച്ചു.