രണ്ടാഴ്ചക്കിടെ ജീവനൊടുക്കിയത് രണ്ട് എ.എസ്.ഐമാർ

Thursday 22 August 2019 12:09 AM IST

ആലുവ: മേലുദ്യോഗസ്ഥരുടെ പീഡനത്തെ തുടർന്ന് ആലുവ മേഖലയിൽ രണ്ടാഴ്ചക്കിടെ രണ്ട് എ.എസ്.ഐമാർ ജീവനൊടുക്കി. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആലുവ തെക്കേ വാഴക്കുളം ചെമ്പറക്കി ആലപ്പാട് പൗലോസ് ജോണി (52) കഴിഞ്ഞ എട്ടിന് ക്വാർട്ടേഴ്‌സിലെ ഫാനിൽ തൂങ്ങി മരിച്ചിരുന്നു. മേലധികാരിയുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്ന് ബന്ധുക്കൾ ആരോപണമുന്നയിച്ചെങ്കിലും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ ഇപ്പോഴും അതേ സ്ഥാനത്ത് തുടരുകയാണ്.

തടിയിട്ടപറമ്പ് സ്റ്റേഷനിലെ എ.എസ്.ഐ കുട്ടമശേരി സ്വദേശി പി.സി. ബാബു (45) ഇന്നലെ പുലർച്ചെയാണ് ജീവനൊടുക്കിയത്. സ്റ്റേഷൻ എസ്.എച്ച്.ഒക്കെതിരെയുള്ള ബാബുവിന്റെ വാട്ട്സ് ആപ്പ് സന്ദേശങ്ങളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

സമഗ്ര അന്വേഷണം വേണം: അൻവർസാദത്ത് എം.എൽ.എ

എ.എസ്.ഐമായരുടെ ആത്മഹത്യകളിൽ സമഗ്ര അന്വേഷണം വേണമെന്ന് അൻവർസാദത്ത് എം.എൽ.എ ആവശ്യപ്പെട്ടു. മേലുദ്യോഗസ്ഥരുടെ പീഡനം മൂലം പൊലീസുകാർ ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ശക്തമായ നടപടിയുണ്ടായില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്നും എം.എൽ.എ മുന്നറിയിപ്പ് നൽകി.