ശിവഗിരി തീർത്ഥാടനം മാനവ ശുദ്ധീകരണത്തിന്
ശിവഗിരി: മാനവരാശിയുടെ സമഗ്രമായ ശുദ്ധീകരണത്തിനായാണ് ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയതെന്നും അതിനൊപ്പം നൽകിയ നിർദ്ദേശങ്ങളിൽ അതു വ്യക്തമാണെന്നും മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. വേറിട്ട ആശയങ്ങൾ ചർച്ച ചെയ്യുന്ന വേദിയായി തീർത്ഥാടനം മാറിയത് അതിനാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായ ശാസ്ത്രസാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി, മത വിശ്വാസങ്ങളുടെ പേരിൽ ലോകത്തിന്റെ പലഭാഗങ്ങളിലും സംഘർഷം വർദ്ധിക്കുന്നു. ഈ പശ്ചാത്തലത്തിൽ ഗുരുദേവ ദർശനത്തിന് പ്രസക്തി ഏറുകയാണ്. എല്ലാവരും അറിവും അഭിവൃദ്ധിയും സാമ്പത്തിക പുരോഗതിയും കൈവരിക്കണം. ശിവഗിരി തീർത്ഥാടനം ഇത്തരത്തിലുള്ള ചിന്തകൾ പ്രസരിപ്പിക്കാനുള്ള വലിയ വേദിയാണെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി.
ഇന്റലിജന്റ് മെഷീനുകളുമായി മനുഷ്യൻ മത്സരിക്കേണ്ടിവരുന്ന ശാസ്ത്ര സാങ്കേതികതയുടെ വിസ്ഫോടന കാലത്തുകൂടിയാണ് നാം കടന്നു പോകുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ആൻഡ് സയൻസ് രജിസ്ട്രാറും ഡീനുമായ ഡോ. കുരുവിള ജോസഫ് അഭിപ്രായപ്പെട്ടു. മനുഷ്യനും മെഷീനുകളും ഒരുമിച്ച് പ്രവർത്തിക്കുന്ന കാലഘട്ടത്തിലേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. 2050 ആകുമ്പോഴേക്കും മനുഷ്യജീവിതം എങ്ങനെയായിരിക്കുമെന്നത് പ്രവചനാതീതമായിരിക്കും. വർത്തമാനകാലത്ത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നത് പ്ളാസ്റ്റിക് മാലിന്യമാണ്. പ്രതിസന്ധി നേരിടാൻ മൂന്ന് കാര്യങ്ങളാണ് അഭികാമ്യം. ഒന്ന് ഉത്പാദനം കുറയ്ക്കുക, രണ്ട് ഉത്പാദിപ്പിക്കുന്നവ പുനരുപയോഗിക്കുക, മൂന്ന‌് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുക. ഗ്രീൻപ്രോട്ടോക്കോളിലേക്ക് മാറുകയാണ് ഉത്തമപോംവഴി. പ്രകൃതിദത്ത വസ്തുക്കളെ ഉപയോഗപ്പെടുത്തി പ്ളാസ്റ്റിക് ഉപയോഗം നിയന്ത്രിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യന്ത്രങ്ങൾക്ക് എന്തും പഠിച്ചെടുക്കാമെന്ന അവസ്ഥയിലെത്തിയെന്നും അതാണ് നിർമ്മിത ബുദ്ധിയുടെ അടിത്തറയെന്നും സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ടെലിമാറ്റിക്സ് മുൻ ഡയറക്ടർ പ്രൊഫ. ഡോ. അച്യുത് ശങ്കർ എസ്. നായർ അഭിപ്രായപ്പെട്ടു. നിർമ്മിത ബുദ്ധിക്ക് അഞ്ചുവയസേ ആയിട്ടുള്ളു. കൂടുതൽ വളർച്ചയെത്തുമ്പോൾ അസാമാന്യ പ്രതിഭയാവും. ഐ.ടി മേഖലയിലേത് പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വ്യവസായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് അസോസിയേറ്റ് ഡയറക്ടർ ഡോ. സെന്തിൽകുമാർ കെ.ബി, ശിവഗിരി ആശ്രമം ഒഫ് യു.കെ ജനറൽ സെക്രട്ടറി ബൈജു പാലക്കൽ, മുൻ എം.എൽ.എ വർക്കല കഹാർ എന്നിവർ പ്രസംഗിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ സ്വാഗതവും ശ്രീനാരായണഗുരു വിജ്ഞാനകോശം എഡിറ്റർ മങ്ങാട് ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.