കുറുവാച്ചനായി സുരേഷ് ഗോപി

Tuesday 31 December 2024 2:53 AM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും അഭിനയിക്കുന്ന 'ഒറ്റക്കൊമ്പൻ" സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിലാണ് ആദ്യദിനം ഷൂട്ടിംഗ് നടന്നത്. 'കടുവാക്കുന്നേൽ കുറുവാച്ചൻ"എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ അനുമതിയോടെയാണ് അദ്ദേഹം ഷൂട്ടിംഗിനെത്തിയത്. ഷൂട്ടിംഗിനൊപ്പം കേന്ദ്രമന്ത്രിയുടെ ഓഫീസും സെറ്റിൽ പ്രവർത്തിക്കുന്നുണ്ട്.

കോട്ടയം,​ പാല എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും പ്രധാനപ്പെട്ട ചില രംഗങ്ങളാണ് പൂജപ്പുര ജയിലിൽ ചിത്രീകരിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് തിരുവനന്തപുരത്തെ ഷൂട്ടിംഗ്. 100 ദിവസത്തെ ചിത്രീകരണമാണുള്ളത്. ഫാമിലി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ,​ വിജയരാഘവൻ,​ ലാലു അലക്സ്,​ ചെമ്പൻ വിനോദ്,​ ജോണി ആന്റണി,​ ബിജു പപ്പൻ,​ മേഘന രാജ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഷിബിൻ ഫ്രാൻസിസിന്റേതാണ് രചന.