കേരളത്തിലെ വിമാനത്താവളത്തിലിറങ്ങുന്ന വിമാനങ്ങള്‍ നേരിടുന്ന വെല്ലുവിളി; ആശങ്കയകറ്റാന്‍ 25 അംഗ സംഘം

Tuesday 31 December 2024 9:43 AM IST

കോഴിക്കോട്: പറന്നുയരുന്ന വിമാനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് പക്ഷികള്‍. ലോകത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും ഈ ഭീഷണി സ്വാഭാവികമായും ഉണ്ട് താനും. അടുത്തിടെ ദക്ഷിണ കൊറിയയില്‍ ലാന്‍ഡിംഗിനിടെ പക്ഷിയിടിച്ച് വിമാനം തകരുകയും 179 യാത്രക്കാര്‍ മരണപ്പെടുകയും ചെയ്തിരുന്നു. വിമാനത്തിന്റെ ലാന്‍ഡിംഗ് സമയത്തും ടേക്കോഫ് സമയത്തുമാണ് പക്ഷികളുടെ ഭീഷണി ഏറ്റവും അധികം ഉണ്ടാകാറുള്ളത്.

വിമാനത്തിന്റെ സമീപത്തേക്ക് പക്ഷികള്‍ എത്തിയാല്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിന്റെ ശക്തി കാരണം ഇത് പക്ഷികളെ ഉള്ളിലേക്ക് വലിച്ചെടുക്കുകയും തുടര്‍ന്ന് എഞ്ചിന്‍ തകരാറിലാകുകയും ചെയ്യും. ഇതോടെയാണ് അപകടങ്ങള്‍ക്ക് സാദ്ധ്യത ഉയരുന്നത്. ഈ ആശങ്ക പരിഹരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്നത് 25 അംഗ സംഘമാണ്. മൂന്ന് വ്യത്യസ്ത ഷിഫ്റ്റുകളിലായി 24 മണിക്കൂറും ഈ സംഘം പ്രവര്‍ത്തിക്കാറുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് വിമാനത്താവള അതോറിറ്റി ഈ ജീവനക്കാര്‍ക്ക് ശമ്പളം നിശ്ചയിച്ചിട്ടുള്ളത്.

പടക്കംപൊട്ടിച്ചും ശബ്ദമുണ്ടാക്കിയും റിഫ്‌ളക്ടിങ് കണ്ണാടികള്‍ ഉപയോഗിച്ചുമാണ് പക്ഷികളെ തുരത്തുന്നത്. വിമാനങ്ങള്‍ പുറപ്പെടുന്നതിനും ഇറങ്ങുന്നതിനും തൊട്ടുമുന്‍പ് റണ്‍വേയും പരിസരവും നിരീക്ഷിച്ച് പക്ഷികളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പാക്കും. 2012ല്‍ ഷാര്‍ജയിലേക്ക് 168 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ചിറകില്‍ പക്ഷി കുടുങ്ങിയതിനെ തുടര്‍ന്ന് 15 മിനിറ്റുകള്‍ക്ക് ശേഷം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയിരുന്നു.

പക്ഷിശല്യം ഉള്‍പ്പെടെയുള്ള ഭീഷണികള്‍ വിലയിരുത്താനും നടപടികളെടുക്കാനും വിമാനത്താവളത്തില്‍ പരിസ്ഥിതി മാനേജ്മെന്റ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. നിശ്ചിത ഇടവേളകളില്‍ സമിതി യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്താറുണ്ട്.