ഉമ തോമസ് ഇപ്പോഴും ഗുരുതരാവസ്ഥയിൽ, ന്യുമോണിയയ്‌ക്ക് സാദ്ധ്യത; ആന്റിബയോട്ടിക് നൽകുന്നുവെന്ന് ഡോക്‌ടർമാർ

Tuesday 31 December 2024 10:39 AM IST

കൊച്ചി: ഉമ തോമസിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം ഡോക്‌ടർമാർ. ശ്വാസകോശത്തിന്റെ എക്‌സ്‌റേ പരിശോധിച്ചപ്പോൾ നേരിയ പുരോഗതിയുണ്ടെന്നും. ആന്റിബയോട്ടിക് മരുന്നുകളിലൂടെ മാത്രമേ ഇൻഫെക്‌ഷൻ മാറ്റാൻ സാധിക്കുകയുള്ളു എന്നും അതിന് സമയമെടുക്കുമെന്നും ഡോക്‌ടർമാർ പറഞ്ഞു. ഉമ തോമസിന്റെ മകൾ വിഷ്‌ണു തോമസും ഡോക്‌ടർമാർക്കൊപ്പം ഉണ്ടായിരുന്നു.

ഡോക്‌ടർമാർ പറഞ്ഞത്:

ഉമ തോമസ് ചോദിക്കുന്നതിനോടെല്ലാം പ്രതികരിക്കുന്നുണ്ടായിരുന്നു. കാലുകൾ അനക്കാൻ പറഞ്ഞപ്പോൾ അനക്കി. ചിരിച്ചു, കണ്ണുതുറന്നു. മകൻ വിഷ്‌ണു ചോദിക്കുന്നതിനോടെല്ലാം പ്രതികരിച്ചു. വായിൽ ട്യൂബ് ഉള്ളതിനാൽ സംസാരിക്കാനാവില്ല. കയ്യിൽ മുറുകെ പിടിക്കാൻ പറഞ്ഞപ്പോൾ ചെയ്‌തു. ഇതിൽ നിന്ന് തലച്ചോറിനുണ്ടായ ക്ഷതം സാരമായി ബാധിച്ചിട്ടില്ല എന്ന് ആശ്വസിക്കാം.

ശ്വാസകോശത്തിന്റെ എക്‌‌സ്‌റേയിൽ ഇന്നലത്തെ അപേക്ഷിച്ച് ഇന്ന് നേരിയ മാറ്റമുണ്ട്. ഇന്നും ബ്രോങ്കോസ്‌‌കോപ് ചെയ്യണമെന്ന് കരുതിയതാണ്. പക്ഷേ, ഇന്നത്തെ എക്‌സ്‌റേ കണ്ടപ്പോൾ അത് ചെയ്യണ്ട എന്ന് തീരുമാനിച്ചു. ഇന്നലെ ബ്രോങ്കോസ്‌‌കോപ് ചെയ്‌ത് ശ്വാസകോശത്തിൽ കെട്ടിക്കിടന്ന രക്തം മാറ്റിയിരുന്നു. ഇനിയും രക്തം കട്ടപിടിച്ച് കിടക്കുന്നുണ്ട്. അത് ആന്റിബയോട്ടിക് മരുന്നുകളിലൂടെ മാത്രമേ മാറ്റാൻ സാധിക്കൂ. അതിന് കുറച്ച് സമയമെടുക്കും.

ഇപ്പോഴും വെന്റിലേറ്ററിലാണ്. അതീവ ഗുരുതരാവസ്ഥയല്ല എങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണ്. വെന്റിലേറ്ററിൽ നിന്ന് മാറ്റി 24 മണിക്കൂർ കഴിഞ്ഞാൽ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്‌തു എന്ന് പറയാനാകൂ. നിലവിൽ, ശ്വാസകോശത്തിലെ ഇൻഫെക്‌ഷൻ കുറയ്‌ക്കാനും ഇനി വരാതിരിക്കാനുമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. ഇപ്പോഴും പൂർണമായും ബോധം വന്നിട്ടില്ല. പറയുമ്പോൾ മാത്രമാണ് കണ്ണ് തുറക്കുന്നത്. ഇൻഫെക്‌ഷൻ ഉള്ളതിനാൽ ന്യുമോണിയ വരാനുള്ള സാദ്ധ്യത കൂടുതലാണ്. അത് തടയുന്നതിനുള്ള ആന്റിബയോട്ടിക് മരുന്നുകൾ നൽകുന്നുണ്ട്.