പുതുവർഷ സമ്മാനം; രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു
Wednesday 01 January 2025 10:56 AM IST
തിരുവനന്തപുരം: രാജ്യത്ത് വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു. സിലിണ്ടറിന് 14.50 രൂപയാണ് കുറച്ചത്. അഞ്ച് മാസത്തിനിടെ 172. 50 രൂപ കൂട്ടിയതിന് ശേഷമാണ് ഇപ്പോൾ വില കുറച്ചിരിക്കുന്നത്. ഇതോടെ 1804 രൂപയാണ് കേരളത്തിൽ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
കഴിഞ്ഞ മാസം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 16 രൂപ വർദ്ധിപ്പിച്ചിരുന്നു. അഞ്ച് മാസത്തിനിടെ വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധിപ്പിച്ചത് വാണിജ്യസ്ഥാപനങ്ങളെയും ചെറുകിട വ്യവസായങ്ങളെയും സാരമായി ബാധിച്ചു. ദെെനംദിന ആവശ്യങ്ങൾക്കായി സിലിണ്ടർ ഉപയോഗിക്കുന്ന ഹോട്ടലുകൾ, കടകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ എന്നിവയെയാണ് വില വർദ്ധന നേരിട്ട് ബാധിച്ചത്. പുതുവർഷത്തിൽ വില കുറച്ചത് വ്യാപാരികൾക്ക് സന്തോഷം നൽകുന്ന കാര്യമാണ്.