ചാമ്പ്യൻസ് ബോട്ട് ലീഗ് ആഗസ്റ്റ് 31 മുതൽ
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കാലവർഷക്കെടുതി കാരണം മാറ്റിവച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റു ട്രോഫി വള്ളംകളിക്കൊപ്പം ആഗസ്റ്റ് 31 ന് ആരംഭിക്കുമെന്ന് മന്ത്രി കടകംപള്ളി സരേന്ദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വർഷകാല വിനോദമായി ഐ.പി.എൽ മാതൃകയിൽ ചുണ്ടൻ വള്ളംകളി മത്സരങ്ങളെ കോർത്തിണക്കി വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ സി.ബി.എൽ നവംബർ 23 ന് കൊല്ലം പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയോടെ സമാപിക്കും. പരമ്പരാഗത വള്ളംകളി സമ്പ്രദായങ്ങളിൽ സി.ബി.എൽ സമൂലമാറ്റം സൃഷ്ടിക്കും. വള്ളംകളി ലോകശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മൺസൂൺ ടൂറിസത്തിന് ആക്കം കൂട്ടുന്നതിനും ടൂറിസം മേഖലയ്ക്ക് ഉണർവേകുന്നതിനും സി.ബി.എല്ലിലൂടെ കഴിയുമെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ടൂറിസം മേഖലയിലെ ഫലങ്ങൾ പ്രകടമാകുന്നതിന് മൂന്ന് വർഷം വേണ്ടിവരും.
മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ സി.ബി.എല്ലിന്റെ ഉദ്ഘാടനം നിർവഹിക്കും. സച്ചിൻ ടെൻഡുൽക്കർ മുഖ്യാതിഥിയായിരിക്കും. ഒൻപതു ടീമുകളാണ് 12 മത്സരങ്ങളിലായി അണിനിരക്കുന്നത് . ആകെ 5.9 കോടി രൂപയാണ് സമ്മാനത്തുക. 12 മത്സരങ്ങളിലെയും പോയിന്റുകളുടെ അടിസ്ഥാനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലെയും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികൾക്ക് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ടീമിന് നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും.സി.ബി.എല്ലിന്റെ നടത്തിപ്പിനായി സി.ബി.എൽ ലിമിറ്റഡ് കമ്പനി രൂപീകരിച്ചിട്ടുണ്ട് .
മത്സരങ്ങളുടെ വിവരം
താഴത്തങ്ങാടി കോട്ടയം -(സെപ്തംബർ 7),
കരുവാറ്റ ആലപ്പുഴ -(സെപ്തംബർ14),
പിറവം എറണാകുളം- (സെപ്തംബർ 28),
മറൈൻ ഡ്രൈവ് കൊച്ചി -(ഒക്ടോബർ 5),
കോട്ടപ്പുറം തൃശൂർ -(ഒക്ടോബർ 12),
പൊന്നാനി മലപ്പുറം -(ഒക്ടോബർ 19),
കൈനകരി ആലപ്പുഴ -(ഒക്ടോബർ 26),
പുളിങ്കുന്ന് ആലപ്പുഴ -(നവംബർ 2),
കായംകുളം ആലപ്പുഴ -(നവംബർ 9),
കല്ലട കൊല്ലം -(നവംബർ 16),
പ്രസിഡന്റ്സ് ട്രോഫി കൊല്ലം -(നവംബർ 23)