പെരുന്നയിൽ പെരുമയോടെ മന്നം ജയന്തി ആഘോഷം

Friday 03 January 2025 12:41 AM IST

കോട്ടയം : സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ സ്‌മരണകൾ അലയടിച്ച അന്തരീക്ഷത്തിൽ പെരുന്നയിലേക്ക് കേരളത്തിന്റെ പരിച്ഛേദം ഒഴുകിയെത്തി. എൻ.എസ്.എസിന്റെ ശക്തിയും നിലപാടും അറിയിച്ച മന്നം ജയന്തി സമ്മേളനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാവിലെ മുതൽ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് സമുദായാംഗങ്ങളുടെയും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെയും നീണ്ടനിരയായിരുന്നു. മണിക്കൂറുകൾ നീണ്ട പുഷ്പാർച്ചനയിൽ ആയിരങ്ങൾ പങ്കെടുത്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ മന്നത്തിന്റെ സാമൂഹ്യ ഇടപെടലുകൾ വിവരിച്ച ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഷർട്ട് ധരിച്ച് ക്ഷേത്രങ്ങളിൽ കയറുന്നത് സംബന്ധിച്ച സംഘടനയുടെ നിലപാടും വ്യക്തമാക്കി.

ഉദ്ഘാടകനായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എൻ.എസ്.എസ് നൽകുന്ന പ്രാമുഖ്യം വെളിവാക്കുന്നതായിരുന്നു ജനറൽ സെക്രട്ടറിയുടെ വാക്കുകൾ. എൻ.എസ്.എസ് നേതൃത്വത്തെ പുകഴ്ത്തിയ ചെന്നിത്തല ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള അഭിമാനവും പങ്കുവച്ചു. സാമൂഹ്യ പരിഷ്‌കർത്താവ് എന്ന നിലയിൽ മന്നം രാജ്യത്തിന് നൽകിയ സംഭാവന എടുത്തുപറഞ്ഞ ചെന്നിത്തല വൈക്കം സത്യഗ്രഹത്തിന് ശ്രീനാരായണഗുരുവും ടി.കെ.മാധവനും വഹിച്ച പങ്കും അനുസ്മരിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, എൻ.കെ.പ്രേമചന്ദ്രൻ, ആന്റോ ആന്റണി, ജോസ്കെ.മാണി, ഡീൻ കുര്യാക്കോസ്, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എ മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, ചാണ്ടി ഉമ്മൻ, രാഹുൽ മാങ്കൂട്ടത്തിൽ, മോൻസ് ജോസഫ്, ജോബ് മൈക്കിൾ, പ്രമോദ് നാരായണൻ, കെ.യു.ജനീഷ്‌കുമാർ, കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ, എം.എം.ഹസ്സൻ, ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രൻ, പി.കെ.കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ, എ.എൻ.രാധാകൃഷ്ണൻ, ബി.രാധാകൃഷ്ണമേനോൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.