കാണാതായവരുടെ കുടുംബത്തിനും മരണാനന്തര സഹായം

Friday 03 January 2025 12:04 AM IST

കൽപ്പറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താൻ കഴിയാത്തവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര ധനസഹായം വേഗത്തിൽ നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ.വയനാട് കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയാഅംയിരുന്നു മന്ത്രി

. ഔദ്യോഗിക കണക്ക് പ്രകാരം ഉരുൾദുരന്തത്തിൽ ഇതുവരെ മരിച്ചത് 263 പേരാണ്. ഡി.എൻ.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 35 പേരെ കണ്ടെത്താനുണ്ട്. രാജീവ് ഗാന്ധി ബയോ ടെക്‌നോളജി സെന്ററിൽ നിലവിൽ 100 സാമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്കായിട്ടുണ്ട്. കാണാതായ 35 പേരുടെ ലിസ്റ്റ് റവന്യൂ, പഞ്ചായത്ത്, പൊലീസ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി സബ് കളക്ടർ പ്രസിദ്ധീകരിക്കും. തുടർന്ന് ജില്ലാ കളക്ടർ സംസ്ഥാന സർക്കാറിലേക്ക് മരണ സ്ഥിരീകരണത്തിനായി റിപ്പോർട്ട് സമർപ്പിക്കും. 30 ദിവസത്തിനകം പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ അറിയിക്കാം. അന്തിമ ലിസ്റ്റ് സർക്കാരിന്റെ വെബ്‌സൈറ്റ്, ഗസറ്റ്, രണ്ട് ദിനപത്രങ്ങൾ, വില്ലേജ് താലൂക്ക്, പഞ്ചായത്ത് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും.