'മുൻ എംഎൽഎയെ ശിക്ഷിച്ചത് ചെറിയ കാര്യമല്ല, സിപിഎം കൊലവാൾ എന്ന് താഴെ വയ്‌ക്കും', കെകെ രമ

Friday 03 January 2025 3:06 PM IST

കോഴിക്കോട്: കൊലവാൾ താഴെ വയ്‌ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെകെ രമ എംഎൽഎ. പെരിയ ഇരട്ടക്കൊല കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെകെ രമ.

'ഇരട്ട ജീവപര്യന്തം എത്ര വർഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വർഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോ എന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്‌തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അവർ അപ്പീൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻ എംഎൽഎ ഉൾപ്പെടെ സിപിഎമ്മിലെ ഉന്നത നേതാക്കൾക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. അഞ്ച് വർഷം എന്നത് കുറഞ്ഞുപോയി. എത്രകാലം എന്നതിലപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമർഹിക്കുന്നുണ്ട്.

സിപിഎമ്മിന്റെ നേതാക്കന്മാർ ഇത്തരത്തിൽ കൊലപാതകങ്ങളിൽ പങ്കാളികളാകുന്നു എന്നത് പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012ലാണ് നടക്കുന്നത്. വിധി വരുന്നത് 2014ലും. അന്നും സിപിഎം നേതാക്കന്മാർക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാർ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല. ഞങ്ങളല്ല ചെയ്‌തതെന്ന് ന്യായീകരിക്കാനാണ് കേസ് സിബിഐ വിടുന്നത് തടയാൻ ശ്രമിച്ചത്. അതിനായി 1.15 കോടിയോളം രൂപ പൊതുഖജനാവിൽ നിന്നാണ് സിപിഎം ഇറക്കിയത്. ' - കെകെ രമ പറഞ്ഞു.