'ഒരുപാട് കഞ്ചാവൊന്നും പിടിച്ചില്ല, ഉപദേശിക്കുന്നതിന് പകരം എക്‌സൈസ് കേസെടുത്തു'; വീണ്ടും ന്യായീകരിച്ച് സജി ചെറിയാൻ

Friday 03 January 2025 3:38 PM IST

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. കേസിന് പിന്നിൽ യു പ്രതിഭയോട് വൈരാഗ്യമുള്ളവരാണെന്നും സിപിഎമ്മുകാർ ആരും ഇതിന് പിന്നിലില്ലെന്നും പ്രതിഭയെ ചില മാദ്ധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. പുകവലിക്കുന്നത് തെറ്റല്ലെന്ന് നേരത്തേ നടത്തിയ പ്രസ്‌താവനയെയും സജി ചെറിയാൻ ന്യായീകരിച്ചു.

തെറ്റായ സന്ദേശം നൽകിയില്ലെന്നും തന്റെ പ്രസ്‌താവനയെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചുവെന്നും സജി ചെറിയാൻ പറ‌ഞ്ഞു. യു പ്രതിഭയുടെ മകന്റെ കയ്യിൽ നിന്ന് കഞ്ചാവ് പിടിച്ചിട്ടില്ല. ഒപ്പമുള്ളവരുടെ പേരുകൾ മാദ്ധ്യമങ്ങൾ നൽകിയിട്ടില്ല. നടന്നത് പ്രതിഭയെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനയാണ്. തന്റെ പാർട്ടിയിലെ ഒരു എംഎൽഎയെ വേട്ടയാടിയാൽ കാഴ്‌ചക്കാരനാകില്ല. വലിയ തോതിൽ കഞ്ചാവ് പിടിച്ചിട്ടില്ല. യു പ്രതിഭയുടെ മകൻ കഞ്ചാവ് വലിച്ചു എന്നതിന് തെളിവില്ല. ഉപദേശിച്ച് നല്ല വഴിക്ക് നടത്തേണ്ടതിന് പകരം എക്‌സൈസ് കേസെടുത്തു. അത് ശരിയല്ല എന്നാണ് പറഞ്ഞതെന്നും സജി ചെറിയാൻ ന്യായീകരിച്ചു.