മന്ത്രി വീട്ടിലെത്തി ക്ഷണിച്ചു, ശില്പിയെത്തും സ്വർണ കപ്പിൽ തൊടാൻ
നിമിത്തമായത് കേരളകൗമുദി വാർത്ത
തിരുവനന്തപുരം: സ്വർണക്കപ്പ് നേരിൽ കാണണ്ടേ, ക്ഷണിക്കാനാണ് വന്നത്. മന്ത്രി വി.ശിവൻകുട്ടി പറഞ്ഞപ്പോൾ ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ മുഖത്ത് അത്ഭുതം. ''കാണണം, ഒന്നു തൊടണം"". മന്ത്രിയുടെ കരംഗ്രഹിച്ച് സ്വർണക്കപ്പിന്റെ ശില്പി പറഞ്ഞു.
സ്കൂൾ കലോത്സവ സമ്മാനമായ 117 പവൻ സ്വർണക്കപ്പിന്റെ ശില്പി വേദിയിലേക്ക് ക്ഷണം കാത്തിരിക്കുകയാണെന്ന് കേരളകൗമുദി ഇന്നലെ വാർത്ത നൽകിയിരുന്നു. തുടർന്നാണ് മന്ത്രി ക്ഷണിക്കാൻ നേരിട്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലരയോടെ മന്ത്രിയുടെ വാഹനം കേശവദാസപുരം പിള്ളവീട് ലെയ്യ്നിലെ എ- 12ലെത്തിയപ്പോൾ ശ്രീകണ്ഠൻ നായർക്കും ഭാര്യ ഗിരിജയ്ക്കും വിശ്വസിക്കാനായില്ല. ദിവാൻകോട്ടിൽ ശ്രീകണ്ഠൻ നായർക്കൊപ്പം ഇരുന്നാണ് മന്ത്രി കുശലാന്വേഷണം നടത്തിയത്. 1983ൽ കപ്പ് നിർമ്മിച്ചതിനെപ്പറ്റിയും തന്റെ രചനകളെക്കുറിച്ചും ശ്രീകണ്ഠൻനായർ വാചാലനായി.
കലോത്സവത്തിന്റെ സമാപന ദിവസം വേദിയിലെത്താൻ മന്ത്രി ക്ഷണിച്ചു. കാറുമായി തന്റെ സ്റ്റാഫ് എത്തുമെന്നും ബുദ്ധിമുട്ടില്ലാതെ വേദിയിൽ വന്ന് മടങ്ങാമെന്നും ശിവൻകുട്ടി ഉറപ്പുനൽകി. സമാപന യോഗം നടക്കും മുമ്പ് എത്തി സ്വർണക്കപ്പിൽ സ്പർശിക്കാനാണ് ശ്രീകണ്ഠൻ നായരുടെ തീരുമാനം.
കേരളകൗമുദി വാർത്ത കണ്ട് രാവിലെ തന്നെ നിരവധിപ്പേർ വിളിച്ചു. നന്ദിയുണ്ട്.
-ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ