പെരിയ ഇരട്ടക്കൊല: 10 കുറ്റവാളികൾക്ക് ഇരട്ട ജീവപര്യന്തം സി.പി.എം നേതാക്കൾക്ക് 5 വർഷം തടവും പിഴയും
# മുൻ എം.എൽ.എ അടക്കം മുഴുവൻപേരും തുറുങ്കിൽ
കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും പിഴയും ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ അടക്കം സി.പി.എം നേതാക്കളായ നാലു പ്രതികൾക്ക് 5 വർഷം തടവുശിക്ഷയും പിഴയും കൊച്ചി സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു. ജീവപര്യന്തം കിട്ടിയവരെ വിയ്യൂർ സെൻട്രൽ ജയിലിലേക്കും മറ്റുള്ളവരെ കാക്കനാട് ജില്ലാ ജയിലിലേക്കും മാറ്റി. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴത്തുകയിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും മൊത്തം 20.7 ലക്ഷം ഈടാക്കി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പങ്കിട്ടു നൽകാനും വിധിച്ചു.
യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും (21), ശരത്‌ലാലിനെയും (23) കൊലപ്പെടുത്തിയ കേസിലാണ് ജഡ്ജി എൻ. ശേഷാദ്രിനാഥൻ ശിക്ഷ വിധിച്ചത്. വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂട്ടർ ബോബി ജോസഫ് വാദിച്ചെങ്കിലും, കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂർവമല്ലെന്ന് കോടതി വ്യക്തമാക്കി.
ഒന്നു മുതൽ 8 വരെ പ്രതികളും പെരിയ സ്വദേശികളുമായ എ. പീതാംബരൻ (52), സജി സി. ജോർജ് (46), കെ.എം. സുരേഷ് (33), കെ. അനിൽകുമാർ (അബു-41), ജി.ഗിജിൻ (32), ആർ. ശ്രീരാഗ് (കുട്ടു-28), എ. അശ്വിൻ (അപ്പു-24), സുബീഷ് (മണി-35) പത്താം പ്രതി ടി. രഞ്ജിത് (52), പതിനഞ്ചാം പ്രതി എ. സുരേന്ദ്രൻ (വിഷ്ണു സുര-53) എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം. ഒന്നാംപ്രതി പീതാംബരൻ പെരിയ സി.പി.എം മുൻ ലോക്കൽ കമ്മിറ്റിഅംഗമാണ്.
14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠൻ (44), 20-ാം പ്രതിയും മുൻ എം.എൽ.എയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമൻ (62), പാക്കം മുൻ ലോക്കൽ സെക്രട്ടറിയും 21-ാം പ്രതി രാഘവൻ വെളുത്തോളി (57), 22-ാം പ്രതി ഭാസ്കരൻ വെളുത്തോളി (61) എന്നിവരെയാണ് 5 വർഷം തടവിനും 10,000 വീതം പിഴയ്ക്കും ശിക്ഷിച്ചത്.
14 പ്രതികൾ കുറ്റക്കാരാണെന്ന് ഡിസംബർ 28ന് വിധിച്ചിരുന്നു. 10 പേരെ കുറ്റവിമുക്തരുമാക്കി. പ്രതിയെ കസ്റ്റഡിയിൽനിന്ന് മോചിപ്പിച്ചതിനാണ് സി.പി.എം നേതാക്കൾക്കെതിരായ ശിക്ഷ. കൂടുതൽ കടുത്തശിക്ഷ ആവശ്യപ്പെട്ട് കൊല്ലപ്പെട്ടവരുടെ കുടുംബവും ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗവും അപ്പീൽപോകും.
2019 ഫെബ്രുവരി 17നാണ് ബൈക്കിൽ പോവുകയായിരുന്ന കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്.
കൊലപാതകം ചെയ്തവർ 14 വർഷം തടവറയിൽ
കൊച്ചി:ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതിവ്യക്തമാക്കിയതിനാൽ, ഇരട്ട ജീവപര്യന്തംകാർ കുറഞ്ഞത് പതിനാലുവർഷം തടവറയിൽ കഴിയേണ്ടിവരും. തടവ് നീട്ടുന്നത് സർക്കാരിന് തീരുമാനിക്കാം.
# മുൻ എം.എൽ.എ അടക്കമുള്ള നേതാക്കൾക്ക് ശിക്ഷ മൂന്നു വർഷത്തിൽ കുറവായിരുന്നെങ്കിൽ മേൽക്കോടതി തീരുമാനം വരെ നിലവിലെ ജാമ്യംനീട്ടിക്കിട്ടുമായിരുന്നു. 2021ൽ സി.ബി.ഐയുടെ പിടിയിലായ നേതാക്കൾക്ക് ജയിലിൽ കഴിയേണ്ടിവന്നിരുന്നില്ല.
രണ്ടുവർഷം മുതൽ 7 വർഷംവരെ തടവുകിട്ടാവുന്ന ഐ.പി.സി 225 ആണ് ഇവരിൽ ചുമത്തിയത്.
പീതാംബരനടക്കമുള്ള പ്രധാന പ്രതികൾ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്ത 2019 മുതൽ ജയിലിലാണ്.