ഉപലോകായുക്ത നിയമന ശുപാർശ ഗവർണർ അംഗീകരിച്ചു

Saturday 04 January 2025 4:36 AM IST

തിരുവനന്തപുരം: ഹൈക്കോടതി റിട്ട.ജഡ്ജിമാരായ ജസ്റ്റിസ് വി.ഷെർസിയെയും ജസ്റ്റിസ് അശോക് മേനോനെയും ഉപലോകായുക്തമാരാക്കാനുള്ള ശുപാർശ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ അംഗീകരിച്ച് സർക്കാരിന് കൈമാറി. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവുമടങ്ങിയ സമിതിയുടെ ശുപാർശയാണ് ഗവർണർ ഇന്നലെ രാത്രി അംഗീകരിച്ചത്.

കേന്ദ്രത്തിന്റെ ഡെബ്റ്റ്സ് റിക്കവറി അപ്പലേറ്റ് ട്രൈബ്യൂണൽ അദ്ധ്യക്ഷനാണ് അശോക് മേനോൻ. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചാലേ ഉപലോകായുക്തയായി ചുമതലയേൽക്കാനാവൂ. 1988ൽ ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ച വി.ഷെർസി 2016 ഒക്‌ടോബർ അഞ്ചിനാണ് ഹൈക്കോടതി ജഡ്ജിയായത്. തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി,മഞ്ചേരി, തലശേരി എന്നിവിടങ്ങളിൽ ജില്ലാ ജഡ്‌ജിയുമായിരുന്നു.

പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് റിഷ ടി.ഗോപാലിനെ പി.എസ്.സി അംഗമായി നിയമിക്കാനുള്ള ശുപാർശയും ഗവർണർ അംഗീകരിച്ചു. ജനതാദൾ എസിന്റെ പ്രതിനിധിയാണ് ചിറ്റൂർ സ്വദേശിയായ റിഷ ടി.ഗോപാൽ.