റോഡ് മുറിച്ചുകടക്കുമ്പോൾ കാറിടിച്ചു; ഒന്നരവർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞ നിയമവിദ്യാർത്ഥി മരിച്ചു

Saturday 04 January 2025 10:57 AM IST

ആലപ്പുഴ: അപകടത്തിൽ പരിക്കറ്റ് ഒന്നര കൊല്ലമായി ചികിത്സയിലായിരുന്ന നിയമവിദ്യാർത്ഥിനി മരിച്ചു. മണി ജൂവലേഴ്സ് ഉടമ തോണ്ടൻകുളങ്ങര കൃഷ്ണകൃപയിൽ സോമശേഖരന്റെ മകൾ വാണി (24) ആണ് മരിച്ചത്. കോട്ടയം സി.എസ്.ഐ ലോ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. 2023 സെപ്തംബർ 21ന് ഏറ്റുമാനൂർ സിഎസ്ഐ ലോ കോളജിന് മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുമ്പോൾ ഇന്നോവ കാർ ഇടിക്കുകയായിരുന്നു. വീഴ്ചയിൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടന്ന് അബോധാവസ്ഥയിലായി.

തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പോണ്ടിച്ചേരിയിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. മൂന്ന് മാസമായി വീട്ടിൽ വെന്റിലേറ്റർ സൗകര്യമൊരുക്കിയാണ് പരിചരിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ശ്മശാനത്തിൽ. സഹോദരൻ: വസുദേവ്.