ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്ന് മാറ്റി; അപകടനില പൂ‌ർണമായി തരണം  ചെയ്‌തിട്ടില്ലെന്ന്  ഡോക്ടർമാർ

Saturday 04 January 2025 2:22 PM IST

കൊച്ചി​: മെഗാ നൃത്തസന്ധ്യയ്ക്കി​ടെ സ്റ്റേജി​ൽനി​ന്ന് വീണ് ഗുരുതരമായി​ പരി​ക്കേറ്റ ഉമാ തോമസ് എം എൽ എയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരും. വെന്റിലേറ്ററിൽ നിന്ന് മാറ്റിയെങ്കിലും എം എൽ എ അപകടനില പൂ‌ർണമായി തരണം ചെയ്‌തിട്ടില്ലെന്ന് ഡോക്ടർമാർ പ്രതികരിച്ചു.

ശ്വാസകോശത്തിന് പുറത്ത് നീർക്കെട്ടുണ്ടെങ്കിലും എം എൽ എയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ട്. ഇന്നലെ രാവി​ലെ കട്ടി​ലി​ലെ ഹെഡ് റെസ്റ്റി​ന്റെ സഹായത്തോടെ ഇരുന്നിരുന്നു. മക്കളായ വി​വേകും വി​ഷ്ണുവുമായി​ ആശയവി​നി​മയം നടത്തുകയും ചെയ്‌തിരുന്നു.

എം എൽ എ ഓഫീസി​ലെ കാര്യങ്ങളും വീട്ടി​ലെ അറ്റകുറ്റപ്പണി​കളെക്കുറി​ച്ചും ഉമാ തോമസ്‌ എഴുതി ചോദി​ച്ചിരുന്നു. ഇതിന്റെ മറുപടി​യും എഴുതി​ നൽകി​. പാലാരി​വട്ടം പൈപ്പ് ലൈനി​ന് സമീപത്തെ വീട് തറയോടെ ഉയർത്തുന്ന പണി​ അവസാന ഘട്ടത്തി​ലാണ്. വീണ്ടും കയറി​ താമസി​ക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമി​ക്കുന്നത്. അതേക്കുറി​ച്ചായി​രുന്നു ചോദിച്ചത്.

ഗിന്നസ് റെക്കാഡിന്റെ പേരിൽ നടന്ന കൊച്ചിയിലെ നൃത്തപരിപാടിയുടെ സംഘാടകർക്കെതിരെ സാമ്പത്തിക ചൂഷണത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഉമാ തോമസിന് പരിക്കേൽക്കാനിടയായ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ മാനേജിംഗ് ഡയറക്ടർ നിഗോഷ് കുമാറാണ് ഒന്നാം പ്രതി. 390 രൂപയുടെ സാരിയ്ക്ക് 1600 രൂപ വാങ്ങിയത് തങ്ങളറിഞ്ഞല്ലെന്ന് കല്യാൺ സിൽക്സ് പരസ്യമായി പറഞ്ഞതോടെയാണ് സാമ്പത്തിക ചൂഷണത്തിന് പൊലീസിന്‍റെ നടപടി. പണം നൽകിയ വീട്ടമ്മ തന്നെ പരാതി നൽകിയതോടെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പാലാരിവട്ടം പൊലീസ് കേസെടുത്തത്. അറസ്റ്റിലായ ഒന്നാം പ്രതിക്ക് ഇടക്കാലജാമ്യം ലഭിച്ചു.