സംസ്ഥാനത്ത് മറ്റൊരു ജീവൻകൂടി കാട്ടാന എടുത്തു, മരിച്ചത് മലപ്പുറം കരുളായിയിലെ ആദിവാസി യുവാവ്

Sunday 05 January 2025 7:44 AM IST

മലപ്പുറം: സംസ്ഥാനത്ത് മറ്റൊരു ജീവൻ കൂടി കാട്ടാന എടുത്തു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) എന്ന ആദിവാസി യുവാവ് ഇന്നലെ രാത്രിയായിരുന്നു കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആളാണ് മണി.

കാട്ടാന ആക്രമണത്തിൽ ഗുരുതരമായി പരിക്കേ​റ്റ മണിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.കരുളായി വനമേഖലയിൽ വച്ച് ഇന്നലെ രാത്രി ഏഴുമണിയോടെയാണ് മണിയെ കാട്ടാന ആക്രമിച്ചത്. ഉൾവനത്തിലൂടെ സഞ്ചരിച്ചാൽ മാത്രമാണ് കോളനിയിൽ എത്താനാകുക. ആക്രമണം ഉണ്ടായതറിഞ്ഞ് വനംവകുപ്പ് ജീവനക്കാർ ഉൾവനത്തിലെത്തിയാണ് മണിയെ ആശുപത്രിയിലെത്തിച്ചത്. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാ​റ്റി.

കഴിഞ്ഞമാസം മുപ്പതിന് തൊടുപുഴ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ പാലിയത്ത് ഇബ്രാഹിമിന്റെ മകൻ അമർ ഇലാഹി(22) കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. വീടിന് 300 മീറ്റർ അകലെയുള്ള തേക്കിൻകൂപ്പിൽ മേയാൻ വിട്ടിരുന്ന പശുവിനെ അഴിക്കാനാണ് അമറും സുഹൃത്ത് ബ്ലാങ്കരയിൽ മൻസൂറും (41) പോയത്. ഇഞ്ചക്കാട്ടിൽ നിന്ന രണ്ട് ആനകൾ പാഞ്ഞടുക്കുകയും ഭയന്നോടിയ അമറിനെ ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു. സുഹൃത്ത് മൻസൂറിന് നേരെ രണ്ടാമത്തെ ആനയെത്തിയെങ്കിലും കാലുകൾക്കിടയിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട് കുറ്റിക്കാട്ടിൽ ഒളിക്കുകയായിരുന്നു. ആന പരിസരത്തു നിന്ന് മാറുന്നത് വരെ ശ്വാസമടക്കി പിടിച്ചിരുന്നു. വലതുകാലിന് ഒടിവുണ്ട്.

യുവാവിന്റെ കരച്ചിലും ആനയുടെ ചിന്നംവിളിയും കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും അമറിനെ രക്ഷിക്കാനായില്ല. വനപാലകരും പൊലീസും എത്തിയാണ് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.