ലോകത്തിലെ ഏറ്റവും വലിയ വിമാനം, എമിറേറ്റ്‌സ് എ380 പൊട്ടിത്തെറിക്കുന്ന വീഡിയോ, സത്യം വെളിപ്പെടുത്തി കമ്പനി

Sunday 05 January 2025 11:58 AM IST

അബുദാബി: എമിറേറ്റ്‌‌സ് വിമാനം തകർന്നതിന്റേതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ പ്രതികരിച്ച് വിമാന കമ്പനി. എമിറേറ്റ്‌സ് A380 വിമാനം തകർന്നതായുള്ള ദൃശ്യമാണ് പ്രചരിക്കുന്നത്. ഇത് കെട്ടിച്ചമച്ചതാണെന്നും സത്യമല്ലെന്നുമാണ് കമ്പനി പ്രതികരിച്ചത്.

തെറ്റായ വിവരം പ്രചരിക്കുന്നത് തടയാൻ വീഡിയോ നീക്കം ചെയ്യാൻ വിവിധ സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. വീഡിയോ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ചതാണെന്ന് വ്യക്തമാക്കാനും സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിമാന കമ്പനി അറിയിച്ചു.

ജനുവരി 2025ലെ കണക്കുകൾ പ്രകാരം 116 A380 വിമാനങ്ങളാണ് എമിറേറ്റ്‌സിനുള്ളത്. ലോകമെമ്പാടുമുള്ള ഈ മോഡലിന്റെ ഏറ്റവും വലിയ ഓപ്പറേറ്ററാണ് എമിറേറ്റ്‌സ്. 2007ലാണ് A380 വിമാനം പറന്നുതുടങ്ങിയത്. ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ വിമാനമായ A380 വലിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിവിധ പരിശോധനകൾക്കും സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കും ശേഷമാണ് വിമാനം പ്രവർത്തിക്കുന്നത്. ദീർഘദൂര വിമാനസർവീസ് ആയതിനാൽ തന്നെ അന്താരാഷ്‌ട്ര തലത്തിൽ ലക്ഷക്കണക്കിന് പേരാണ് ദിവസേന എമിറേറ്റ്സിൽ വിവിധയിടങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നത്.

പ്രവർത്തനമാരംഭിച്ചതിന് ശേഷം ചെറിയ സുരക്ഷാപ്രശ്നങ്ങൾ അല്ലാതെ വലിയ അപകടങ്ങൾ A380 വിമാനങ്ങൾ നേരിട്ടിട്ടില്ലെന്ന് അധികൃതർ അറിയിക്കുന്നു. ആധുനിക കോക്‌പിറ്റ് സാങ്കേതിക വിദ്യ, ആധുനിക എഞ്ചിനുകൾ, വലിയ വാതിലുകൾ, അടിയന്തര ഒഴിപ്പിക്കൽ നടപടികൾ തുടങ്ങിയ ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് ഈ വിമാനങ്ങളിലുള്ളതെന്നും കമ്പനി വ്യക്തമാക്കുന്നു.