ഗോകുലത്തെ കാത്ത് ബഗാൻ

Thursday 22 August 2019 8:26 PM IST
durand cup gokulam bagan final

ഗോകുലവും മോഹൻബഗാനും തമ്മിലുള്ള ഡുറൻഡ് കപ്പ് ഫൈനൽ നാളെ

ബഗാനെ ഫൈനലിലെത്തിച്ചത് മലയാളിതാരം വി.പി. സുഹൈറിന്റെ ഇരട്ടഗോളുകൾ

കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബാൾ ടൂർണമെന്റായ ഡുറൻഡ് കപ്പിന്റെ ഫൈനലിൽ ഗോകുലം കേരള എഫ്.സിയെ എതിരിടുന്നത് കൊൽക്കത്തയിലെ വമ്പൻമാരായ മോഹൻ ബഗാൻ.

ഗോകുലം സെമിയിൽ ഇൗസ്റ്റ് ബംഗാളിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ അട്ടിമറിച്ച് കലാശക്കളിക്ക് ടിക്കെറ്റടുത്തപ്പോൾ റയൽ കാശ്മീരിനെ അധിക സമയത്ത് 3-1ന് മറികടന്നാണ് ബഗാൻ ഫൈനലിലേക്ക് എത്തിയത്. നാളെ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിലാണ് ഗോകുലവും ബഗാനും തമ്മിലുള്ള ഫൈനൽ.

നിശ്ചിത സമയത്ത് 1-1ന് സമനിലയിൽ പിരിഞ്ഞ രണ്ടാം സെമിയിൽ പകരക്കാരനായിറങ്ങിയ മലയാളി സ്ട്രൈക്കർ വി.പി. സുഹൈർ നേടിയ ഇരട്ട ഗോളുകളാണ് ബഗാന് വിജയം നൽകിയത്. കളിയുടെ തുടക്കത്തിൽത്തന്നെ ഗോൾ നേടിയിരുന്ന റയൽ കാശ്മീരിനെതിരെ ഇൻജുറി ടൈമലാണ് സമനിലപിടിച്ച് ബഗാൻ അധിക സമയത്തേക്ക് നീട്ടിയത്. പകരക്കാരനായിറങ്ങിയ ഫ്രാൻ ഗോൺസാലസാണ് സമനില ഗോൾ നേടിയത്. ഇൗ സീസണിൽ ബഗാനിൽ ചേർന്ന സുഹൈർ ക്ളബിന്റെ ജഴ്സിയണിഞ്ഞ ആദ്യ മത്സരത്തിൽത്തന്നെ ഇരട്ടഗോളുകൾ നേടുകയായിരുന്നു.

. പാലക്കാട്ടുകാരനായ സുഹൈർ കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ്.സിയുടെ താരമായിരുന്നു. അതിനുമുമ്പ് 2016-17 സീസണിലും ഗോകുലത്തിനായി കളിച്ചിരുന്നു.

. 2017-18 സീസണിലാണ് ഇൗസ്റ്റ് ബംഗാളിനായി കളിച്ചത്.

. ഇൗസ്റ്റ് ബംഗാളിനായി അരങ്ങേറ്റ മത്സരത്തിൽ തന്നെ ഹാട്രിക് നേടാൻ സുഹൈറിന് കഴിഞ്ഞിരുന്നു.

. എന്നാൽ പരിക്കിനെ തുടർന്ന് അഞ്ച് മത്സരങ്ങളിൽ മാത്രമാണ് സുഹൈറിന് ഇൗസ്റ്റ് ബംഗാളിന് വേണ്ടി കളിക്കാൻ കഴിഞ്ഞിരുന്നത്.

. തുടർന്ന് ഇൗ 27 കാരനെ ഇൗസ്റ്റ് ബംഗാൾ ഗോകുലത്തിന് ലോണായി നൽകി. ഇൗ സീസണിൽ ബഗാന് വിൽക്കുകയും ചെയ്തു.

. ഇൗസ്റ്റ് ബംഗാളിനെതിരെ സെമിഫൈനലിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തടുത്ത് ഗോകുലത്തെ ഫൈനലിലെത്തിച്ച മലയാളി ഗോളി സി.കെ. ഉബൈദും ഇൗസ്റ്റ് ബംഗാളിന്റെ മുൻ താരമായിരുന്നു.