ചൂര മീനിന് ഇത്രയും വിലയോ; ലേലത്തില്‍ പോയത് കോടികള്‍ക്ക്

Sunday 05 January 2025 6:44 PM IST

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ മത്സ്യങ്ങളില്‍ ഒന്നാണ് ട്യൂണ എന്ന് അറിയപ്പെടുന്ന ചൂര. വറുത്തും കറിവച്ചും കഴിക്കാന്‍ എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മത്സ്യമാണ് ചൂര. പറയത്തക്ക വിലക്കൂടുതലൊന്നും ഇല്ലാത്തതിനാല്‍ തന്നെ സാധാരണക്കാര്‍ സ്ഥിരമായി വാങ്ങാറുമുണ്ട്. എന്നാല്‍ ചൂരയെ കുറിച്ച് അങ്ങ് ജപ്പാനില്‍ നിന്ന് വരുന്ന ഒരു വാര്‍ത്ത എല്ലാവരേയും ഞെട്ടിക്കും. 1.3 മില്യണ്‍ ഡോളര്‍ (11 കോടി രൂപ) ആണ് ലേലത്തില്‍ വച്ച മീനിന് കിട്ടിയത്. 276 കിലോഗ്രാമാണ് ഭീമന്‍ ചൂരയുടെ ഭാരം.

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ മത്സ്യ മാര്‍ക്കറ്റില്‍ ആണ് ഭീമന്‍ ടൂണയെ ലേലത്തിന് വച്ചത്. പുതുവത്സരത്തോടനുബന്ധിച്ച് ടോക്കിയോയിലെ മത്സ്യ മാര്‍ക്കറ്റില്‍ നടന്ന ലേലത്തില്‍ ഒരു ട്യൂണ മീനിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ തുകയാണിത്. ഒണോഡേര എന്ന ഹോട്ടല്‍ ഗ്രൂപ്പാണ് 11 കോടി രൂപയ്ക്ക് ട്യൂണ മീനിനെ സ്വന്തമാക്കിയത്. ബ്ലൂ ഫിന്‍ ട്യൂണ വിഭാഗത്തില്‍പ്പെട്ട മീനിനാണ് ഇത്രയും വില ലഭിച്ചിരിക്കുന്നത്.

2020 മുതല്‍ ഒണോഡേര ഹോട്ടല്‍ ഗ്രൂപ്പ് വലിയ വില നല്‍കിയ ട്യൂണ മീനുകളെ ലേലത്തില്‍ വാങ്ങിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 6.2 കോടി രൂപ മുടക്കി ടോക്കിയോയിലെ ഇതേ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് ഈ സംഘം ചൂര വാങ്ങിയിരുന്നു. 2019ല്‍ ടോക്കിയോ മാര്‍ക്കറ്റില്‍ ലേലത്തില്‍ പോയ ഒരു ചൂരയുടെ ഭാരം 278 കിലോഗ്രാം ആയിരുന്നു. 18.19 കോടി രൂപയ്ക്കാണ് അന്ന് ആ മത്സ്യം ലേലത്തില്‍ പേയത്. ഇതാണ് ഏറ്റവും ഉയര്‍ന്ന വില ലഭിച്ച മത്സ്യം. സുഷി ഷണ്‍മയ് നാഷണല്‍ റെസ്റ്റോറന്റ് നടത്തിപ്പുകാരനായ കിയോഷി കിമുരയാണ് അന്ന് ലേലത്തില്‍ ചൂര മീനിനെ സ്വന്തമാക്കിയത്.