ഗായകൻ എ.കെ.അയ്യപ്പദാസ് ബൈക്ക് അപകടത്തിൽ മരിച്ചു

Monday 06 January 2025 3:36 AM IST

കോട്ടയം : ഗാനമേള കഴിഞ്ഞ് മടങ്ങവെ ബൈക്ക് സൈക്കിളിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഗായകൻ എ.കെ.അയ്യപ്പദാസ് (45) മരിച്ചു. കൊടുങ്ങൂർ അംമ്പിയിൽ പരേതനായ കൊച്ചുകൃഷ്ണൻ-തങ്കമ്മ ദമ്പതികളുടെ മകനാണ്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ കോട്ടയം-എറണാകുളം റോഡിൽ കാണക്കാരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം. കടുത്തുരുത്തി കല്ലറ ഭാഗത്തെ വിവാഹചടങ്ങിൽ ഗാനമേള അവതരിപ്പിച്ച ശേഷം മടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യപ്പദാസിനെയും സൈക്കിൾ യാത്രികനെയും ആശുപത്രിയിലെത്തിച്ചെങ്കിലും അയ്യപ്പദാസ് മരിച്ചിരുന്നു. കോട്ടയം സ്റ്റാർ വോയ്‌സ് ഗാനമേള സംഘത്തിലെ ഗായകനായിരുന്നു. 25 വർഷമായി സംസ്ഥാനത്തെ വിവിധ ഗായകസംഘങ്ങളിൽ പ്രവർത്തിച്ചിരുന്നു. നൂറുകണക്കിന് വേദികളിൽ പാടിയിട്ടുണ്ട്. ഭാര്യ :പ്രതിഭ. മക്കൾ:ഹരിഹർദാസ്,മാധവദാസ് (എം.ജി.എം.എൻ.എസ്.എസ് ളാക്കാട്ടൂർ),അഗ്രിമ ദാസ്(ഗവ.എൽ.പി സ്‌കൂൾ ആനിക്കാട്).സംസ്‌കാരം നടത്തി.