മതം പ്രണയത്തിന് തടസമായില്ല; ഫിലിപ്പൈൻസിൽ നിന്ന് വധു എത്തി, ക്ഷേത്രത്തിൽ വച്ച് താലികെട്ട്
Monday 06 January 2025 12:34 PM IST
വൈപ്പിൻ: ഫിലിപ്പൈൻസ് കാൽമിറ്റൻ സ്വദേശി ജോസ്ലിന് ചെറായി സ്വദേശി ശ്രീശാന്ത് ഇനി ജീവിതപങ്കാളി. ചെറായി കരുത്തല പടിഞ്ഞാറ് വാരിശേരി ബാബുവിന്റെ മകൻ ശ്രീശാന്ത് ആണ് ജോസ്ലിനെ താലി ചാർത്തിയത്.
എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ വാരിശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിന് മേൽശാന്തി എ.ആർ. പ്രകാശൻ കാർമികത്വം വഹിച്ചു. ഫിലിപ്പൈൻസിൽ റെയിൽവേയുടെയും മറ്റ് ട്രാൻസ്പോർട്ടിംഗ് ഏജൻസികളുടെയും സർവെയർ ആയി ജോലി ചെയ്യുന്ന ശ്രീശാന്ത് മൂന്ന് വർഷം മുമ്പാണ് ജോസ്ലിനയുമായി പരിചയപ്പെട്ടതും തുടർന്ന് പ്രണയത്തിലായതും.
ക്രിസ്ത്യൻ മത വിശ്വാസിയായ ജോസ്ലിനയുടെയും ഹിന്ദു മതവിശ്വാസിയായ ശ്രീശാന്തിന്റെയും വിവാഹത്തിന് ഇരുവരുടെയും കുടുംബങ്ങൾക്ക് സമ്മതമായിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇരുവരും വരന്റെ നാട്ടിലെത്തി വിവാഹം നടത്തുകയായിരുന്നു.