അന്യസംസ്ഥാന തൊഴിലാളികളുടെ കെട്ടിടത്തിലെ കക്കൂസ് മാലിന്യം ഒഴുക്കിയത് വയലിലേക്ക്, കേസെടുത്തു

Tuesday 07 January 2025 11:59 PM IST

പന്തളം : അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള കക്കൂസ് മാലിന്യം കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വയലിലേക്ക് ഒഴുക്കിയ സംഭവത്തിൽ കെട്ടിട ഉടമ തോന്നല്ലൂർ ഫർഹാന മൻസിൽ അൻവർ ഹുസൈനെതിരെ പൊലീസ് കേസെടുത്തു. നിസാര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തതെന്ന് പരാതിയുണ്ട്.

നഗരസഭയുടെ അനുമതിയില്ലാതെ നിർമ്മിച്ച കെട്ടിടത്തിലാണ് നൂറിലേറെ തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. സംഭവത്തിൽ നഗരസഭാ അധികൃതരുടെ മൊഴി പൊലും രേഖപ്പെടുത്തിയില്ല. ജാമ്യം കിട്ടുന്ന വകുപ്പിലാണ് കേസെടുത്തിട്ടുള്ളത്. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദുർഗന്ധം മൂലം ജീവനക്കാരും മറ്റും ബുദ്ധിമുട്ടുകയാണ്. പരിസരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി. സംഭവം നടന്ന രാത്രിയിൽ നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും കെട്ടിട ഉടമ സംഭവ സ്ഥലത്തുനിന്ന് പോയ ശേഷമാണ് പൊലീസ് സ്ഥലത്തെത്തിയത്.