ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം; ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കാനും നീക്കം
കൊച്ചി: നടി ഹണി റോസിന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. എറണാകുളം സെൻട്രൽ എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചത്. സെൻട്രൽ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. അവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പരിശോധിക്കും.
സ്ത്രീത്വത്തെ അപമാനിക്കും വിധം സമൂഹ മാദ്ധ്യമങ്ങളിലൂടെയും മറ്റും അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നൽകിയത്. പരാതി നൽകിയ കാര്യം ഹണി റോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
'ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ളീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിന്റെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു',- ഹണി റോസ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം, ദ്വയാർത്ഥ പ്രയോഗമോ ദുരുദ്ദേശ്യപരമായ സംസാരമോ ഉണ്ടായിട്ടില്ലെന്നും സാമൂഹ്യമാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും ബോബി ചെമ്മണൂർ പറഞ്ഞു.
നേരത്തെ സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ലെെംഗികാധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെ ഹണി റോസ് പരാതി നൽകിയിരുന്നു. 30 പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം പേജിൽ അധിക്ഷേപങ്ങൾ നടത്തിയവർക്കെതിരെയും പൊലീസ് നടപടി എടുക്കാൻ ഒരുങ്ങുകയാണ്.