സ്വർണക്കപ്പ് തൃശൂരിങ്ങെടുത്തു: സംസ്ഥാന  സ്കൂൾ  കലോത്സവത്തിൽ തൃശൂർ കിരീടം ചൂടിയത് കാൽനൂറ്റാണ്ടിനുശേഷം

Wednesday 08 January 2025 4:07 PM IST

തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തൃശൂരിന് കലാകിരീടം. 1008 പോയിന്റ് നേടിയാണ് സ്വർണക്കപ്പ് തൃശൂർ സ്വന്തമാക്കിയത്. ഫോട്ടോ ഫിനിഷിൽ പാലക്കാടിനെ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ പിന്തള്ളിയാണ് തൃശൂർ കിരീടം നേടിയത്. 1003 പോയിന്റ് നേടിയ കണ്ണൂരാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞവർഷം കണ്ണൂരായിരുന്നു ജേതാക്കൾ.

കാൽ നൂറ്റാണ്ടിനുശേഷമാണ് തൃശൂർ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടുന്നത്. 1999ൽ കൊല്ലത്തുനടന്ന കലോത്സവത്തിലായിരുന്നു തൃശൂർ ഇതിനുമുമ്പ് സ്വർണക്കപ്പ് സ്വന്തമാക്കിയത്.

ഹൈസ്കൂൾ വിഭാഗത്തിൽ തൃശൂരും പാലക്കാടും 42 പോയിന്റുമായി ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ ഹയർസെക്കൻഡറി വിഭാഗത്തിൽ തൃശൂർ 526 പോയിന്റ് നേടിയപ്പോൾ പാലക്കാടിന് 525 പോയിന്റ് നേടാനേ ആയുള്ളൂ. അതോടെ കലാകിരീടം തൃശൂർ ഉറപ്പിക്കുകയായിരുന്നു.

സ്‌കൂളുകളുടെ വിഭാഗത്തിൽ പാലക്കാട് ആലത്തൂർ ബി എസ് ജി ഗുരുകുലം ഹയർ സെക്കൻഡറി സ്‌കൂളാണ് ഒന്നാമത്. 171 പോയിന്റാണ് ഇവർ നേടിയത്. തിരുവനന്തപുരം കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് രണ്ടാമത്. ഇടുക്കി എം.കെ. എൻ.എം.എച്ച്.എസ് സ്‌കൂളാണ് മൂന്നാമത്.