ബുംറ തന്നെ ഇപ്പോഴും ലോകത്തെ നമ്പർ വൺ ബൗളർ, ഐസിസി റാങ്കിംഗിൽ മങ്ങി മറ്റ് ഇന്ത്യൻ താരങ്ങൾ

Wednesday 08 January 2025 4:26 PM IST

ദുബായ്: ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിസ്‌റ്റുകളെ തീരുമാനിച്ച ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക-പാകിസ്ഥാൻ മത്സരങ്ങൾക്ക് പിന്നാലെ പുതിയ ഐസിസി ടെസ്‌റ്റ് റാങ്കിംഗ് പുറത്തുവന്നു. തന്റെ കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗാണ് ജസ്‌പ്രീത് ബുംറയ്‌ക്ക് ബൗളിംഗിൽ നേടാനായത്. 908 പോയിന്റോടെയാണ് ബുംറ ഒന്നാം സ്ഥാനത്ത് എത്തിയത്. 841 പോയിന്റുമായി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് രണ്ടാം സ്ഥാനം നേടി. ദക്ഷിണാഫ്രിക്കയുടെ പേസർ കാഗീസോ റബാഡ ആണ് മൂന്നാമത്.

ബാറ്റിംഗിൽ ഒന്നാമത് ഇംഗ്ളണ്ടിന്റെ ജോ റൂട്ട് ആണ്. നാലാം റാങ്കിലുള്ളത് യശസ്വി ജെയ്‌സ്വാൾ ആണ്. ഒൻപതാം റാങ്കിൽ ഋഷഭ് പന്തുണ്ട്. അതേസമയം മൂന്ന് സ്ഥാനം താഴേക്ക് പോയി ശുഭ്‌‌മാൻ ഗിൽ ടെസ്‌റ്റിൽ 23-ാം റാങ്കിലെത്തി. കൊഹ്‌ലിയും മൂന്ന് സ്ഥാനം ഇറങ്ങി 27-ാം റാങ്കിലെത്തി ഇരുവരും ഓസ്‌ട്രേലിയൻ പര്യടനത്തിൽ നിറം മങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കൻ നായകൻ തെമ്പ ബാവുമ, കൈൽ വെറൈൻ എന്നിവർ സ്ഥാനം മെച്ചപ്പെടുത്തി.

ഓൾറൗണ്ടർമാരിൽ അശ്വിൻ വിരമിച്ചതോടെ ടെസ്റ്റ് റാങ്കിംഗിൽ ആദ്യ പത്തിലെ ഇന്ത്യൻ കളിക്കാരുടെ എണ്ണം ഒരാളിൽ ഒതുങ്ങി. 400 പോയിന്റുമായി രവീന്ദ്ര ജഡേജയാണ് ഒന്നാമത്. രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 294 പോയിന്റുമായി ദക്ഷിണാഫ്രിക്കയുടെ മാർക്കോ യാൻസൺ ആണ് രണ്ടാമത്. ബംഗ്ളാദേശ് താരം മെഹ്‌ദി ഹസനാണ് മൂന്നാമത്. ഓൾറൗണ്ടർമാരിൽ തൊട്ടടുത്തുള്ള ഇന്ത്യൻതാരമായ അക്‌സർ പട്ടേൽ പന്ത്രണ്ടാമതാണ്. മുൻപ് 10-ാം സ്ഥാനത്തായിരുന്നു അക്‌സർ.