കോൺസ്റ്റബിൾ തസ്‌തികയിൽ നിന്ന് ഹെഡ് കോൺസ്റ്റബിളിലേയ്ക്ക്; അയ്യപ്പ സന്നിധിയിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം

Wednesday 08 January 2025 5:45 PM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ദേശീയ ദുരന്തനിവാരണ സേനയിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകുന്ന ചടങ്ങ് സംഘടിപ്പിച്ചു. എൻഡിആർഎഫ് അറക്കോണം നാലാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റ് ഗെയ്ക്വാദും സന്നിധാനം സ്പെഷ്യൽ ഓഫീസർ എസ് മധുസുദനനും ചേർന്ന് ഇരുവർക്കും യൂണിഫോമിൽ ഔദ്യോഗിക ചിഹ്നം പതിച്ചു നൽകി.

എറണാകുളം സ്വദേശി അജേഷിനും മഹാരാഷ്ട്ര സത്താര സ്വദേശി നവലെ കിരണിനുമാണ് കോൺസ്റ്റബിൾ തസ്തികയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. അജീഷിന് 15 വർഷവും കിരണിന് 17 വർഷവുമാണ് സർവ്വീസ് ഉള്ളത്. ഇരുവരും സിഐഎസ്എഫിൽ നിന്നാണ് ദുരന്ത നിവാരണ സേനയിൽ എത്തിയത്. അജേഷ് കഴിഞ്ഞ 45 ദിവസവമായി സന്നിധാനത്ത് സേവനത്തിലുണ്ട്. കിരൺ ഡിസംബർ 20നാണ് സന്നിധാനത്ത് ഡ്യൂട്ടി ആരംഭിച്ചത്. കേരള പൊലീസ് അസിസ്റ്റൻറ്റ് കമ്മിഷണർ ഹരീഷ് ജെയിൻ ഐ.പി എസ്, എൻഡിആർഎഫ് ഇൻസ്‌പെക്ടർ അലോക് കുമാർ ശുക്ല, എൻഡിആർഎഫ് സേനാഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.