ലഹരിക്കെതിരെ അഞ്ഞൂറ് വേദികൾ

Wednesday 08 January 2025 6:03 PM IST

തൃപ്പൂണിത്തുറ: ഓട്ടൻതുള്ളല്ലിലൂടെ ഒന്നര ലക്ഷത്തിലേറെ യുവജനങ്ങൾക്ക് ലഹരി മുക്തിയുടെ നല്ല പാഠങ്ങൾ പകർന്നു നൽകി മട്ടാഞ്ചേരി എക്സൈസ് റെയ്ഞ്ച് ഓഫീസിലെ എ.ഇ.ഐ വി. ജയരാജ് ജൈത്രയാത്ര തുടരുകയാണ്. ഓട്ടൺതുള്ളൽ അവതരണം നാളെ 500 വേദികൾ പിന്നിടുന്നു. കടമക്കുടി ഗവ. എച്ച്.എസ്.എസിലാണ് 500-ാം പകർന്നാട്ടം.

ശാസ്ത്രീയമായി ഓട്ടൻതുള്ളൽ പഠിക്കാത്ത ജയരാജ് വെറും പത്ത് ദിവസം കൊണ്ടാണ് കലാരൂപം പഠിച്ചെടുത്തത്. 2019 ലോക്സഭാ ഇലക്ഷന് സ്വീപിന്റെ ഭാഗമായി വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യവും കൊവിഡ് ബോധവത്കണവും കലയിലൂടെ ജനങ്ങളിലെത്തിച്ചു. ഒരു രൂപ പോലും പ്രതിഫലം കൈപ്പറ്റാതെയാണ് അവതരണം.

കേരളത്തിൽ ആദ്യമായാണ് ഇത്തരം ബോധവത്കരണം. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയിൽ നികർത്തു വെളിയിൽ വിജയൻ, തങ്കമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ വിദ്യ ഫാർമസിസ്റ്റാണ്. മക്കൾ: ഗോകുൽരാജ്, ജാനകി രാജ്.

 60 മിനിറ്റിൽ കുട്ടികളെ കൈയിലെടുക്കും

20 മിനിറ്റ് ഓട്ടൻതുള്ളലും തുടർന്ന് അതേ വേഷത്തിൽ 40 മിനിറ്റ് ബോധവത്കരണ ക്ലാസുമായാണ് നടത്തുന്നത്. ഓഫീസ് ഡ്യൂട്ടിയോടൊപ്പമാണ് പ്രവർത്തനങ്ങൾ. സ്കൂളുകൾ, കോളേജുകൾ, ക്ലബുകൾ, സന്നദ്ധ സംഘടനകൾ, ആരാധനാലയങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ തുടങ്ങിയവയാണ് പ്രധാന വേദികൾ.

കേരളത്തിലെവിടെയും പരിപാടി ബുക്ക് ചെയ്യാനായി വിളിക്കാം. വിവരങ്ങൾക്ക്: 8281862332.

സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥന്മാരുടെയും സഹകരണവും പ്രോത്സാഹനവുമാണ് ഓഫീസ് ജോലിയോടൊപ്പം ബോധവത്കരണം കൂടി കൊണ്ടു പോകാനുള്ള പ്രചോദനം.

വി. ജയരാജ്