ഐ.എസ്.ആർ.ഒയ്ക്ക് സൂര്യശോഭ നൽകി സോമനാഥിന്റെ പടിയിറക്കം
തിരുവനന്തപുരം:രണ്ടുവർഷം കൊണ്ട് രാജ്യത്തിന്റെ യശസ്സ് വാനോളമുയർത്തിയശേഷമാണ് മലയാളിയായ എസ്.സോമനാഥ് ഐ.എസ്.ആർ.ഒ. ചെയർമാൻ സ്ഥാനം സഹപ്രവർത്തകനായ വി.നാരായണന് കൈമാറുന്നത്. ലോകത്തെ മുൻനിര ബഹിരാകാശ ഏജൻസിയായി ഐ.എസ്.ആർ.ഒയെ വളർത്തി. ചന്ദ്രയാൻ 3 പേടകവുമായി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങിയതും സൂര്യനെ നിരീക്ഷിക്കാൻ എൽ.1 പോയിന്റിലേക്ക് ആദിത്യപേടകത്തെ എത്തിച്ചതും ലോകം വിസ്മയത്തോടെ വീക്ഷിച്ച ഇന്ത്യയുടെ ആകാശനേട്ടങ്ങളാണ്. അതിന് ചുക്കാൻ പിടിച്ചതാകട്ടെ എസ്.സോമനാഥും.
കൃത്യതയാർന്ന ആസൂത്രണം, നിശബ്ദമായ മുന്നൊരുക്കം, പാളിച്ചയില്ലാത്ത ടീം വർക്ക്, പാളുന്ന ദൗത്യങ്ങൾക്ക് ബദലൊരുക്കം, ഉൗർജ്ജസ്വലത. ഇതെല്ലാം സോമനാഥിനെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തനാക്കി.
റീയൂസബിൾ ലോഞ്ച് വെഹിക്കിളിന്റെ പരീക്ഷണവും ന്യൂജെനറേഷൻ ലോഞ്ച് വെഹിക്കിളിന്റെ പരീക്ഷണവും അന്തിമ ഘട്ടത്തിലാണ്. രണ്ടും ഐ.എസ്.ആർ.ഒയ്ക്ക് മുതൽക്കൂട്ടാവും. നാസയുടെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ആർക്കിമിസ് അക്കോർഡ് ദൗത്യത്തിൽ നിർണ്ണായകപങ്കാളിയായി ഐ.എസ്.ആർ.ഒയെ മാറ്റിയതും സോമനാഥിന്റെ നേട്ടമാണ്.
ആലപ്പുഴ തുറവൂർ സ്വദേശിയായ സോമനാഥ് 1985ൽ ടി.കെ.എം. എൻജിനിയറിംഗ് കോളേജിൽ നിന്ന് നേരെ എത്തിയത് വി.എസ്.എസ്.സിയിലേക്കാണ്.എൻജിനീയറിംഗ് അസിസ്റ്റന്റായി തുടക്കം. എൽ.പി.എസ്.സിയിലും വി.എസ്.എസ്.സിയിലും ദീർഘകാലം ഡയറക്ടറായിരുന്ന ശേഷമാണ് 2022 ജനുവരി 14ന് ഐ.എസ്.ആർ.ഒ മേധാവിയായത്.
നാഴികക്കല്ലുകൾ
2023 ആഗസ്റ്റ് 23:
ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ വിജയം. വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം തൊട്ടപ്പോൾ ഇന്ത്യ സോഫ്റ്റ് ലാൻഡിംഗ് നേടുന്ന നാലാമത്തെ രാജ്യമായി.ചന്ദ്രോപരിതലത്തിൽ പര്യവേക്ഷണം ആരംഭിച്ച പ്രഗ്യാൻ റോവറിന്റെ വിന്യാസത്തെ തുടർന്നാണ് ലാൻഡിംഗ് വിജയിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ, പ്രഗ്യാൻ 100 മീറ്ററോളം സഞ്ചരിച്ചു.
2023 സെപ്തം. 2:
ആദിത്യ എൽ-1 വിക്ഷേപണം. സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങൾ, പ്രഭാമണ്ഡലം, വർണമണ്ഡലം, കൊറോണ തുടങ്ങിയ പാളികൾ, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യം. നാലു മാസം യാത്രചെയ്ത് 2024 ജനുവരി 6ന് പേടകം ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ ലഗ്രാഞ്ച് പോയിന്റിന്(എൽ 1) ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തി.
2024ജൂലായ് 22:
എയർ ബ്രീത്തനിംഗ് പ്രൊപ്പൽഷൻ. അന്തരീക്ഷത്തിലെ ഓക്സിജൻ വലിച്ചെടുത്ത് ഇന്ധനം കത്തിച്ച് റോക്കറ്റുകൾക്ക് കുതിക്കാൻ കഴിയുന്ന എയർ ബ്രീത്തനിംഗ് പ്രോപ്പൽഷൻ സാങ്കേതികവിദ്യയുടെ രണ്ടാം പരീക്ഷണം നടത്തി. ശ്രീഹരിക്കോട്ടയിലായിരുന്നു പരീക്ഷണം.ഇതു വിജയകരമായി നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
2024 ഓഗസ്റ്റ് 16:
എസ്.എസ്.എൽ.വി.യുടെ മൂന്നാമത്തെ പരീക്ഷണ വിക്ഷേപണം. പി.എസ്.എൽ.വിക്കും ജി.എസ്.എൽ.വി.ക്കും പുറമെ ഇന്ത്യയുടെ പുതിയ വിക്ഷേപണ റോക്കറ്റാണിത്. നിസാരചെലവിൽ വിക്ഷേപണം നടത്താവുന്ന റോക്കറ്റാണിത്. വാണിജ്യവിക്ഷേപണത്തിൽ വൻ കുതിപ്പാണിതിലൂടെ ലക്ഷ്യമിടുന്നത്.
2024 ഡിസം. 30:
സ്പെയ്ഡക്സ് ദൗത്യം.രണ്ട് ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കുകയും വിടർത്തുകയും ചെയ്യുന്ന ഐ.എസ്.ആർ.ഒയുടെ സങ്കീർണപരീക്ഷണമായ 'സ്‌പെഡെക്സ്' ദൗത്യവുമായി 220കിലോഗ്രാം വീതം ഭാരമുള്ള ചേസർ, ടാർഗറ്റ് എന്നീ ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി. റോക്കറ്റിൽ വിക്ഷേപിച്ചു. ഇന്നാണ് അവയുടെ സംഗമം തീരുമാനിച്ചിരിക്കുന്നത്.