കുഴഞ്ഞുവീണിട്ടും ഗൗരിനന്ദന തനി രാവണൻ!

Thursday 09 January 2025 3:15 AM IST

അരങ്ങിൽ രാവണനെ ആടിത്തീർത്തപ്പോഴേക്കും ശ്വാസമെടുക്കാൻ കഴിയാതെ ഗൗരി നന്ദനയുടെ കണ്ണുകളിലേയ്ക്ക് ഇരുട്ട് ഇരച്ചുകയറി. വേദിക്കരികിൽ കാത്തുനിന്ന അമ്മ ഓടിയെത്തിയപ്പോഴേക്കും അവൾ കുഴഞ്ഞുവീണു. മടിയിൽ കിടത്തി ഇൻഹെയ്‌ലർ നൽകി.

കുഞ്ഞുനാള് മുതൽ ഇതാണവസ്ഥ. ഇതൊന്നും വകവയ്ക്കാതെയാണ് തിരുമല മങ്ങാട്ടുകടവ് ഐശ്വര്യ ഗാർഡൻ ഹരിശ്രീയിൽ സിനിമ-സീരിയൽ താരം ദിലീപിന്റെയും ഡാൻസ് ടീച്ചറായ നിതയുടെയും മകൾ ഗൗരി സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയത്. കാർമ്മൽ സ്‌കൂളിലെ പ്ലസ്‌ ടു വിദ്യാർത്ഥിനിയാണ്.

രണ്ടര വയസ് മുതൽ അമ്മയ്‌ക്ക് കീഴിൽ നൃത്തം അഭ്യസിക്കുന്നുണ്ട്. രണ്ടരക്കൊല്ലമായി തിരുവനന്തപുരം മാർഗിയിൽ കലാമണ്ഡലം അതുൽ ആശാന് കീഴിലാണ് കഥകളി അഭ്യസിക്കുന്നത്. മുമ്പ് ഗ്രൂപ്പ് ഐറ്റങ്ങളിൽ പങ്കെടുത്തിരുന്നെങ്കിലും ഇക്കൊല്ലമാണ് സിംഗിൾ ഐറ്റവുമായി സ്റ്റേറ്റിലെത്തുന്നത്. അമ്മ പഠിച്ച മ്യൂസിക് കോളേജിൽ വയലിൻ മെയിനെടുത്ത് പഠിക്കണമെന്നാണ് ഗൗരി നന്ദനയുടെ ആഗ്രഹം.