പെരിയഇരട്ടക്കൊല: കുഞ്ഞിരാമനടക്കം നാലുപേരുടെ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ

Thursday 09 January 2025 4:28 AM IST

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കം സി.പി.എം നേതാക്കളായ നാലു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇവർക്ക് ജാമ്യം അനുവദിച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീലിനൊപ്പം നൽകിയ അപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നടപടി. അപ്പീലുകൾ തീർപ്പാക്കാൻ കാലതാമസം വരുന്ന കേസുകളിൽ, പരിമിതകാല ശിക്ഷ കിട്ടിയവർക്ക് ജാമ്യം നൽകുന്നത് മേൽക്കോടതിയുടെ സാധാരണ നടപടിയാണ്.

20-ാം പ്രതിയായ കുഞ്ഞിരാമന് പുറമേ 14-ാം പ്രതി കെ. മണികണ്ഠൻ, 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരാണ് അപ്പീൽ നൽകിയത്.

രണ്ടാം പ്രതിയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചെന്ന കുറ്റത്തിന് ഇവ‌ർക്ക് പ്രത്യേക സി.ബി.ഐ കോടതി 5 വർഷം തടവും 10,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചിരുന്നു. ജീവപര്യന്തം തടവ് ലഭിച്ച മറ്റു പ്രതികളും ഹൈക്കോടതിയെ സമീപിക്കുന്നതോടെ അപ്പീലുകളിൽ തീർപ്പ് നീളാനുള്ള സാഹചര്യം ഡിവിഷൻബെഞ്ച് കണക്കിലെടുത്തു. 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലുമാണ് നാലു പേരെയും വിടുക. വിചാരണക്കോടതി വിധിച്ച പിഴത്തുക ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട് വിശദമായ വാദം കേൾക്കും. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്. മറ്റ് 10 പ്രതികൾക്ക് സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ചിരുന്നു.