രാഷ്ട്രീയക്കാർക്കും വി.സിയാവാൻ വഴിയൊരുക്കി യു.ജി.സി
തിരുവനന്തപുരം: പിഎച്ച്.ഡിയും പാണ്ഡിത്യവും മികച്ച പ്രവർത്തനശേഷിയുമുള്ള രാഷ്ട്രീയക്കാർക്കും സർവകലാശാലകളുടെ വൈസ്ചാൻസലറാവാൻ വഴിയൊരുക്കുന്നതാണ് യു.ജി.സിയുടെ പുതിയ കരടുചട്ടം.10 വർഷം പരിചയമുള്ള പ്രൊഫസർമാരെയോ ശാസ്ത്രഗവേഷകരെയോ വി.സിയാക്കുന്നതാണ് നിലവിലെ ചട്ടം. പുതിയ ചട്ടപ്രകാരം പൊതുനയ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും വി.സിയാക്കാം. അദ്ധ്യാപന പരിചയം നിർബന്ധമില്ല. മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നിവർക്കെല്ലാം അവസരം കിട്ടിയേക്കാം. നിയമനം കിട്ടിയാൽ സജീവരാഷ്ട്രീയം ഒഴിവാക്കണമെന്ന് മാത്രം.
വി.സിയെ തിരഞ്ഞെടുക്കാനുള്ള മൂന്നംഗ സെർച്ച് കമ്മിറ്റിയിലെ രണ്ടംഗങ്ങൾ ചാൻസലറുടെയും യു.ജി.സിയുടെയും പ്രതിനിധികളായതിനാൽ കേന്ദ്രസർക്കാരിന് താത്പര്യമുള്ളവരെ വി.സിയാക്കാൻ കഴിയും. ഒഴിവ് രാജ്യമാകെ പരസ്യപ്പെടുത്തണമെന്ന് പുതിയചട്ടത്തിലുള്ളതിനാൽ അന്യസംസ്ഥാനങ്ങളിലുള്ളവരെയും നിയമിക്കാം.
അക്കാഡമിക് വിദഗ്ദ്ധരല്ലാത്ത സിവിൽസർവീസുകാരെയും വ്യവസായികളെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉന്നതരെയുമൊക്കെ വി.സിയാക്കാൻ യു.ജി.സി കരടുചട്ടം വഴിയൊരുക്കുമെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.
ഗവർണർ അനുകൂലിക്കും,
സർക്കാർ എതിർക്കും
# യു.ജി.സി കരടുചട്ടത്തിന് അനുകൂലമായ നിലപാട് ഗവർണർ കേന്ദ്രത്തെ അറിയിക്കും. കരടുചട്ടം പഠിച്ച് റിപ്പോർട്ട് നൽകാൻ ഗവർണറുടെ നിയമോപദേശകന് രാജ്ഭവൻ നിർദേശം നൽകി. സെർച്ച്കമ്മിറ്റിയിൽ സർവകലാശാലാ പ്രതിനിധിയുള്ളതിനാൽ സർക്കാരിന്റെ പരോക്ഷ ഇടപെടലിന് സാദ്ധ്യതയുണ്ടെന്ന് ഗവർണർ നിലപാടെടുത്തേക്കും.
#സർവകലാശാലകൾക്ക് പ്രവർത്തനഫണ്ടടക്കം നൽകുന്ന സംസ്ഥാനത്തിന് വി.സി നിയമനത്തിൽ അധികാരമില്ലെന്ന ചട്ടത്തെ സർക്കാർ എതിർക്കും. ഉന്നതവിദ്യാഭ്യാസത്തിൽ ഗുണനിലവാരം പാലിക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണ്. മാർഗനിർദ്ദേശമല്ലാതെ റഗുലേഷൻ കൊണ്ടുവരാൻ യു.ജി.സിക്ക് അധികാരമില്ലെന്നും സർക്കാർ.
വിവാദഭാഗങ്ങൾ
ഒഴിവാക്കിയേക്കും
1.പൊതുമേഖലയിലെയടക്കം വിദഗ്ദ്ധർക്കും വ്യവസായികൾക്കും വി.സിയാവാമെന്നുള്ള കരടുചട്ടത്തിലെ നിർദ്ദേശം ഒഴിവാക്കിയേക്കും.
.നാമനിർദ്ദേശത്തിലൂടെയും ടാലന്റ്സെർച്ച് വഴിയും വി.സിമാരെ സെർച്ച്കമ്മിറ്റിക്ക് കണ്ടെത്താമെന്നതും പിൻവലിക്കാനിടയുണ്ട്.
''ഉന്നതവിദ്യാഭ്യാസത്തിൽ അമിതാധികാര കേന്ദ്രീകരണത്തിന്റെ ഭാഗമാണ് കരട്ചട്ടം. രാജ്യത്തെ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമാണിത്. യു.ജി.സിയെ ഉപയോഗിച്ച് കാവിവത്കരണവും ധ്രുവീകരണവും നടത്തുന്നു. ധിക്കാരപരമായ പ്രഖ്യാപനമാണിത്. എതിർപ്പ് യു.ജി.സിയെ ഔദ്യോഗികമായി അറിയിക്കും. സാദ്ധ്യമായ വഴികളിലൂടെ പ്രതിഷേധിക്കും. നിയമവഴികളും തേടും.''
-ഡോ.ആർ.ബിന്ദു, മന്ത്രി