ഡച്ച് പള്ളിയിലെ തിരുന്നാൾ ആഘോഷമാക്കി ഹിന്ദുക്കൾ, ഇടവകയിലുള്ളത് ഒരു ക്രിസ്ത്യൻ കുടുംബം

Thursday 09 January 2025 12:03 AM IST

കൊല്ലം: മൺറോത്തുരുത്തിലെ പട്ടംതുരുത്ത് വെസ്റ്റ് വാർഡിലെ ഡച്ച് പള്ളിയിൽ (ഇടച്ചാൽ സെന്റ് മേരീസ് ദേവാലയം)​ ഇടവകക്കാരായി ആകെയുള്ളത് ഒരേയൊരു ക്രിസ്ത്യൻ കുടുംബം. പള്ളിപ്പെരുന്നാൾ എത്തിയാൽ ആഘോഷമാക്കുന്നത് ഇവർക്കൊപ്പം സമീപവാസികളായ ഹിന്ദു കുടുംബങ്ങൾ. പള്ളി അലങ്കരിക്കാനും സദ്യ ഒരുക്കാനും എഴുന്നള്ളത്ത് നടത്തിപ്പിനുമൊക്കെ മുൻപന്തിയിലുണ്ടാകും. തിരുന്നാൾ നടത്തിപ്പ് കമ്മിറ്റിയിലും ഹിന്ദുക്കളുണ്ട്.

ഏപ്രിലിലാണ് ഡച്ച് പള്ളിയിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുന്നാൾ. പഴയവീട്ടിൽ റോബർട്ട്,​ ഭാര്യ കൊച്ചുത്രേസ്യ,​ മക്കളായ ജസ്മി,​ ജാൻസി എന്നിവരാണ് പള്ളി ഇടവകയിലെ ഏക ക്രിസ്ത്യൻ കുടുംബം. കൊല്ലം രൂപതയുടെ നിയന്ത്രണത്തിലാണ് പള്ളി.

പ്രദേശത്ത് യാത്രാസൗകര്യം കുറവായതിനാൽ മിക്കവരും മറ്റിടങ്ങളിൽ ചേക്കേറിയതോടെയാണ് റോബർട്ടിന്റെ കുടുംബം മാത്രം ഇടവകയിൽ അവശേഷിച്ചത്. പള്ളിയിൽ നിത്യകുർബാനയോ പ്രാർത്ഥനയോ ഇല്ല. ഞായറാഴ്ചകളിലും രണ്ടാം ശനിയാഴ്ചകളിലും മാത്രമാണുള്ളത്. ഈ ദിവസങ്ങളിൽ മറ്റിടങ്ങളിൽ നിന്നുള്ള വിശ്വാസികളും എത്താറുണ്ട്.

നിർമ്മിച്ചത് പോർച്ചുഗീസുകാർ

എ.‌ഡി 1518ൽ പോർച്ചുഗീസുകാരാണ് പള്ളി നിർമ്മിച്ചത്. എ.‌ഡി 1668ൽ ഡച്ച് മാതൃകയിൽ പുനരുദ്ധരിച്ചു. 1878ൽ ഇന്നു കാണുന്ന രീതിയിൽ പുതുക്കിപ്പണിതു. ഏറെക്കാലം ഡച്ചുകാരുടെ അധീനതയിൽ ആയിരുന്നതിനാലാണ് ഡച്ചുപള്ളി എന്ന് അറിയപ്പെടുന്നത്. അൾത്താരയും പള്ളിയുടെ മുൻഭാഗവും ഡച്ച് ശൈലിയിലാണ്. പള്ളിയുടെ ഇരുവശവും പൂമുഖമുണ്ട്. മുൻവശത്ത് കൽകുരിശ്. വലതുഭാഗത്ത് മാതാവിന്റെ തിരുസ്വരൂപം. കൊല്ലം രൂപതയുടെ ആദ്യ തദ്ദേശീയ ബിഷപ്പ് ഡോ.ജെറോം.എം. ഫെർണാണ്ടസാണ് നിലവിലെ രൂപകല്പന നിർവഹിച്ചത്.

''പൈതൃകവും മതസൗഹാർദ്ദ പാരമ്പര്യവും കൊണ്ട് സവിശേഷമാണ് ഡച്ചുപള്ളി. ജാതിമത ഭേദമന്യേ ഇവിടത്തെ ഇരുന്നൂറോളം കുടുംബങ്ങൾ മാതാവിന്റെ മക്കളായി നിലകൊള്ളുന്നു.

-സുരേഷ് ആറ്റുംപുറത്ത്,

പഞ്ചായത്തംഗം, പട്ടംതുരുത്ത് വെസ്റ്റ്

''ജാതിമത ഭേദമന്യേ എല്ലാവരും ഒരുപോലെയാണ് പള്ളിയുടെ കാര്യങ്ങൾ നോക്കുന്നത് -റോബർട്ട്