ഗർഭകാലത്ത് അമ്മ തിരിച്ചറിഞ്ഞ 'ഐശ്വര്യ' സംഗീതം
തിരുവനന്തപുരം: സ്വാതിതിരുനാൾ സംഗീത കോളേജിലെ കലോത്സവ വേദിയിലെ ഐശ്വര്യയുടെ വയലിൻ പ്രകടനത്തിന് നിറഞ്ഞ കയ്യടി ലഭിക്കുമെന്ന് അമ്മ രേഖയ്ക്ക് ഉറപ്പായിരുന്നു. ഏഴാം മാസം ഗർഭിണിയായിരിക്കുമ്പോൾ തന്നെ മകൾക്കുള്ളിലെ സംഗീതം അമ്മ തിരിഞ്ഞറിഞ്ഞിരുന്നു. പാട്ട് ഏറെ ഇഷ്ടപ്പെടുന്ന രേഖ ഗർഭകാലത്ത് സ്ഥിരമായി കേൾക്കുന്ന കീർത്തനങ്ങളിൽ ഒന്നായിരുന്നു 'ശ്രീഗണപതിയെ വരുവായ്'. ഈ സമയത്ത് ഐശ്വര്യ അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുമായിരുന്നെന്ന് രേഖ പറയുന്നു.
പിറന്ന് വീണ് അഞ്ചാം ദിവസം മുതൽ സംഗീതം ആസ്വദിക്കുന്ന ശരീരഭാഷയായിരുന്നു ഐശ്വര്യയ്ക്ക്. യുകെജി മുതൽ വയലിൻ അഭ്യസിക്കുന്നുണ്ട്. ഒപ്പം സംഗീതവും പ്രിയപ്പെട്ടതാണ്. തുടർച്ചയായി രണ്ടാം തവണ കലോത്സവത്തിന് എത്തി എ ഗ്രേഡ് സ്വന്തമാക്കിയാണ് മടക്കം. കലോത്സവം എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മറുപടി. ഒരിക്കലെങ്കിലും വരണമെന്ന് ആഗ്രഹിച്ച സ്വാതിതിരുനാൾ സംഗീത കോളേജിനെ സാക്ഷിയാക്കി വയലിൻ മീട്ടാൻ ലഭിച്ച സന്തോഷവും ഐശ്വര്യ പങ്കുവച്ചു.
പഠനത്തോടൊപ്പം സംഗീതവും കൂടെ കൂട്ടാനാണ് തീരുമാനം. വെസ്‌റ്റേണും കർണാടിക്കും ഒരേ പോലെ വഴങ്ങുന്ന ഐശ്വര്യ നിരവധി സ്‌റ്റേജ് ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ഇന്ന് നടക്കുന്ന കർണാടിക് വിഭാഗത്തിലും എ ഗ്രേഡ് ലഭിക്കുമെന്നാണ് ഐശ്വര്യയുടെ പ്രതീക്ഷ. പനമരം ക്രസന്റ് പബ്ലിക്ക് സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.